വാക്‌സിന് പാര്‍ശ്വഫലം ഉണ്ടായാല്‍ ഉത്തരവാദിത്തം മരുന്ന് കമ്പനിക്കെന്ന് കേന്ദ്രം


JANUARY 14, 2021, 4:54 PM IST

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം മരുന്ന് കമ്പനികള്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ശ്വഫലങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികള്‍ തന്നെ നല്‍കണം. വാക്സിനുകള്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

കോവിഡ് വാക്സിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു  കേന്ദ്രത്തില്‍ ഒരു വാക്‌സിന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും  ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഷീല്‍ഡോ കൊവാക്‌സിനോ  ഇവയില്‍ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോള്‍ ആദ്യം കുത്തിവെച്ച വാക്സിന്‍ തന്നെ കുത്തിവെക്കണം. ആദ്യ കുത്തിവയ്പ്പ് എടുത്തതിന്റെ 28-ാം ദിവസം രണ്ടാം കുത്തിവയ്പ്പ് എടുക്കേണ്ടതിനാലാണ് ഒരേ വാക്സിന്‍ മാത്രം ഒരു കേന്ദ്രത്തില്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം.

രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം               

                                                                                                         എന്നാല്‍ മറ്റ് പ്രതിരോധ വാക്സിനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കോവിഡ് പ്രതിരോധ വാക്സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ നടപടികള്‍ കമ്പനികള്‍ നേരിടേണ്ടി വരും.

Other News