ബിലാസ്പുര്‍: ബിലാസ്പുരില്‍ 11 പേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ അപകടത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പാസഞ്ചര്‍ മെമുവിന്റെ ലോക്കോ പൈലറ്റ് യോഗ്യതാ പരീക്ഷ പാസായിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടകാരണമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.
അപകടത്തില്‍ മരിച്ച മെമു ലോക്കോ പൈലറ്റ് വിദ്യാസാഗര്‍ പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ബന്ധിത യോഗ്യതാ പരിശോധന (ആപ്റ്റിറ്റിയൂഡ് സ്യൂട്ടബിലിറ്റി)യ്ക്ക് വിധേയനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, ഇത്തരത്തില്‍ നിരവധി മെമു പൈലറ്റുമാര്‍ ഈ നിര്‍ണായക പരിശോധനകളില്‍ വിജയിക്കാതെ ബിലാസ്പൂര്‍, നാഗ്പൂര്‍ ഡിവിഷനുകളില്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ബിലാസ്പൂര്‍ ഡിവിഷനില്‍ മെമു ട്രെയിനുകള്‍ ഓടിക്കുന്ന 42 ലോക്കോ പൈലറ്റുമാരില്‍ 30 പേര്‍ മാത്രമാണ് സൈക്കോളജിക്കല്‍ ഫിറ്റ്‌നസ് അസസ്മെന്റ് പാസായത്. നാഗ്പൂര്‍ ഡിവിഷനില്‍ 56 പൈലറ്റുമാരില്‍ 33 പേര്‍ മാത്രമാണ് ഇതേ പരീക്ഷ പാസായതെന്നാണ് വിവരം.
നവംബര്‍ നാലിന് ബിലാസ്പൂരിലെ ഗട്ടോറ സ്റ്റേഷന് സമീപമുള്ള ലാല്‍ ഖദാനിനടുത്ത് ഗെവ്ര- ബിലാസ്പൂര്‍ മെമു പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനില്‍ ഇടിച്ചുകയറുകയായിരുന്നു. സമീപകാലത്തെ ഏറ്റവും ഭയാനകമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു അത്.
