രാജസ്ഥാനിലെ ബിജെപി റാലിയില്‍ മൈക്ക് ഒഴിവാക്കി മോദിയുടെ പ്രസംഗം


OCTOBER 1, 2022, 8:47 AM IST

ജയ്പൂര്‍: രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ബിജെപി റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്ക് മൂലം വേദിയിലെത്താന്‍ വൈകിയതോടെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുള്ളത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ തീരുമാനം. രാത്രി 10 മണിയായെന്നും ഉച്ചഭാഷിണി നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പറഞ്ഞ മോദി റാലിക്കെത്തിയ ജനങ്ങളോട് ക്ഷമയും ചോദിച്ചു. മൈക്ക് ഒഴിവാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജസ്ഥാനില്‍ രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ട്.

രാജസ്ഥാനിലെ സിരോഹിയിലെ അബു റോഡ് ഏരിയയില്‍ റാലിയിലാണ് സംഭവം. താന്‍ വീണ്ടും സിരോഹിയിലേക്ക് വരുമെന്ന് അദ്ദേഹം പ്രസംഗത്തിനിടെ വാഗ്ദാനം ചെയ്യുന്നുണ്ട്. 'ഞാന്‍ വീണ്ടും ഇവിടെ വരും. നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹവും വാത്സല്യവും പലിശ സഹിതം തിരികെ നല്‍കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

പിന്നാലെ പ്രധാനമന്ത്രി 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം മുഴക്കിയത് ജനങ്ങള്‍ ഏറ്റുപിടിച്ചു. മൈക്ക് ഉപയോഗിക്കാതെ അദ്ദേഹം നടത്തിയ ഹ്രസ്വമായ പ്രസംഗത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. നിരവധി ബിജെപി നേതാക്കളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയും മൈക്രോഫോണും ഉച്ചഭാഷിണി നിയമങ്ങളും പാലിച്ചതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

Other News