മുംബൈ: ആന്ധ്രാപ്രദേശിന്റെ തീരത്തുള്ള കെ ജി ബേസിനിലെ ഒ എന്‍ ജി സിയുടെ എണ്ണക്കിണറുകളില്‍ നിന്ന് പ്രകൃതിവാതകം 'മോഷ്ടിച്ചതായി' ആരോപിച്ച കേസില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും (ആര്‍ ഐ എല്‍) മുകേഷ് അംബാനി ഉള്‍പ്പെടെ ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കി. 1.55 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗ്യാസ് മോഷണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
റിലയന്‍സ് 2004 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ കെ ജി- ഡി6 ബ്ലോക്കുകള്‍ ഖനനം ചെയ്ത രീതിയിലൂടെ ഒ എന്‍ ജി സിയുടെ വടക്കന്‍ മേഖലകളില്‍ നിന്നുള്ള വാതകം പുറത്തെടുത്തുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരോപിക്കപ്പെട്ട മോഷണത്തിന്റെ മൂല്യം 1.55 ബില്യണ്‍ ഡോളറിന് മുകളിലാണെന്നും ഇതിന് പലിശയായി ഏകദേശം 174.9 ദശലക്ഷം ഡോളര്‍ വരുമെന്നും പറയുന്നു. മോഷണം, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ആര്‍ ഐ എലിന് നേരെ ഉയര്‍ന്നിരിക്കുന്നത്.
ഹൈക്കോടതി സി ബി ഐയോടും കേന്ദ്ര സര്‍ക്കാരിനോടും നവംബര്‍ 11നകം മറുപടി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്യാസ് 'മൈഗ്രേറ്ററി' സ്വഭാവമുള്ളതായിരുന്നുവെന്നാണ് ആര്‍ ഐ എല്‍ ഉന്നയിക്കുന്നത്. സ്വാഭാവികമായി ബ്ലോക്കുകള്‍ക്കിടയില്‍ സഞ്ചരിക്കുന്നത് എന്നതാണ് മൈഗ്രേറ്ററി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് വര്‍ഷങ്ങളായി നീളുന്ന സിവില്‍ ആര്‍ബിട്ട്രേഷന്‍ തര്‍ക്കത്തിന്റെ ഭാഗമാണെന്നുമാണ് കമ്പനിയുടെ നിലപാട്.
പെട്രോളിയം കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഡീഗോളിയര്‍ ആന്റ് മക്‌നോട്ടണ്‍ ഗ്യാസ് മൈഗ്രേഷന്‍ നടന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിന് നിയമപരമായ പ്രത്യാഘാതമുണ്ടോ എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൂര്‍ണ്ണമായ അന്വേഷണം ആരംഭിക്കണോ, എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണോ, കരാര്‍പരമായ പിടിച്ചെടുക്കല്‍ ആവശ്യമായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ സി ബി ഐയോടും കേന്ദ്ര സര്‍ക്കാരിനെയും കോടതി ചോദിച്ചിട്ടുണ്ട്.
നോട്ടീസ് നല്‍കിയത് പ്രാഥമിക നിയമ നടപടിയാണെന്നും അത് കുറ്റസമ്മതമല്ലെന്നും കോടതി വ്യക്തമാക്കി.
സി ബി ഐ കേസ് ഏറ്റെടുത്താല്‍ പ്രധാന കരാര്‍- വിവാദങ്ങള്‍ സിവില്‍ അവകാശവാദങ്ങള്‍ക്കുമപ്പുറം ക്രിമിനല്‍ ഉത്തരവാദിത്തങ്ങളിലേക്കും നീങ്ങാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വിഭവാധിഷ്ഠിത കരാര്‍ മേഖലയിലെ ഇത്തരം വലിയ തോതിലുള്ള ആരോപണങ്ങള്‍ കോര്‍പ്പറേറ്റ് ഉത്തരവാദിത്തത്തെയും കരാര്‍നിയമങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
