ഇന്ത്യയില്‍ എണ്ണ വില ഇനിയും ഉയരത്തിലേക്ക്

ഇന്ത്യയില്‍ എണ്ണ വില ഇനിയും ഉയരത്തിലേക്ക്


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷവും ആഗോള ഊര്‍ജ പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധന ഒഴിവാക്കാനാകില്ലെന്ന മുന്നറിയിപ്പുമായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ (എച്ച് ആര്‍) രാജ്കുമാര്‍ ദുബേ. നിലവിലെ സാഹചര്യത്തില്‍ നയരൂപകര്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ വളരെ പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ രണ്ടോ മൂന്നോ മാര്‍ഗങ്ങളാണ് മുന്നിലുള്ളതെന്നും ഒന്നാമത് ഇന്ധനവില വര്‍ധനയാണെന്നും അതല്ലെങ്കില്‍ എണ്ണക്കമ്പനികള്‍ നഷ്ടം ഏറ്റുവാങ്ങി കൂടുതല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നും മൂന്നാമത്തെ മാര്‍ഗം സര്‍ക്കാര്‍ ധനസമാഹരണത്തിലൂടെ ഇടപെടുക എന്നതാണെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് രാജ് കുമാര്‍ ദുബെ പറഞ്ഞു.

ക്രൂഡ് ഓയില്‍ വിലയില്‍ 20 മുതല്‍ 50 ശതമാനം വരെ ഉണ്ടായ വര്‍ധന താത്ക്കാലികമായിരിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി കൂടുതല്‍ നീണ്ടുനില്‍ക്കാനാണ് സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരാനിടയുണ്ടെന്നും മേഖലയിലെ പ്രധാന ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം തുടര്‍ന്നാല്‍ വീണ്ടും ഇന്ധനവില വര്‍ധന ഉണ്ടാകേണ്ടിവരുമെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണക്കമ്പനികള്‍ ഈ മാസം മൂന്നാം തവണയും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബി പി സി എല്‍ ഡയറക്ടറുടെ പ്രതികരണം. ശനിയാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 90 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലായതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടം കുറയ്ക്കാനാണ് ഈ നീക്കം.

പുതിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമാണ് വില. വില വര്‍ധനയുണ്ടായിട്ടും പെട്രോളില്‍ ലിറ്ററിന് ഏകദേശം 13 രൂപയും ഡീസലില്‍ 38 രൂപയും വരെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ വിതരണത്തെ ബാധിക്കുകയും ആഗോള ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലേറെ ഉയര്‍ന്നതും രാജ്യത്തെ ഇന്ധനവിലയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

അതേസമയം നിലവിലെ പ്രതിസന്ധി ഇന്ത്യയുടെ ഹരിത ഊര്‍ജ മേഖലയിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്നും രാജ് കുമാര്‍ ദുബെ അഭിപ്രായപ്പെട്ടു. 200 ഗിഗാവാട്ടിലേറെ സൗരോര്‍ജ ശേഷി ഇന്ത്യ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഊര്‍ജ ഇറക്കുമതിയിലൂടെ ഉണ്ടാകുന്ന വിദേശനാണ്യ ബാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഹരിത ഊര്‍ജത്തിലേക്കുള്ള നീക്കം ഇനി കൂടുതല്‍ വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.