ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍


ന്യൂഡല്‍ഹി: നവംബര്‍ 10ന് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കശ്മീര്‍ സ്വദേശിയും ഡോക്ടറുമായ ബിലാല്‍ നസീര്‍ മല്ലയാണ് അറസ്റ്റിലായത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി. അറസ്റ്റ് ചെയ്ത ഇയാളെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ഉമര്‍ നബിക്ക് ഇയാള്‍ സഹായം ചെയ്തുകൊടുത്തിരുന്നതായാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റമുണ്ട്.

അതേസമയം, കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും സംഘത്തെയും ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ എന്‍ ഐ എയ്ക്ക് ലഭിച്ചിരുന്നു. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശൃംഖലയെയും കണ്ടെത്തുന്നതിനു വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയാണ്.