ഇന്ത്യന്‍ പ്രവാസി മ്യൂസിയത്തിന്റെ രൂപരേഖ പുറത്തിറക്കി

ഇന്ത്യന്‍ പ്രവാസി മ്യൂസിയത്തിന്റെ രൂപരേഖ പുറത്തിറക്കി


ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പ്രവാസി മ്യൂസിയത്തിന്റെ വിശദമായ രൂപരേഖ പുറത്തിറക്കി. ഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍ (ഗോപിയോ) ആണ് നവംബര്‍ 1-ന് രൂപരേഖ പുറത്തിറക്കിയത്. 

വെര്‍ച്ച്വല്‍ യോഗത്തിലാണ് സംഘടന മ്യൂസിയത്തിന്റെ നാല് വിഷയാധിഷ്ഠിത ഗ്യാലറികള്‍, ഇന്‍സ്റ്റലേഷനുകള്‍, പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയ പദ്ധതി വിശദീകരിച്ചത്. ഇതിലൂടെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ചരിത്രം, നേട്ടങ്ങള്‍, സാംസ്‌കാരിക സംഭാവനകള്‍ എന്നിവ സമഗ്രമായി പ്രതിഫലിപ്പിക്കാനാണ് ലക്ഷ്യമെന്ന് ഗോപിയോ അറിയിച്ചു.

ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജരുടെ ചരിത്രയാത്രകള്‍, സംഭാവനകള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവക്ക് ആദരവുനല്‍കുന്ന വേദിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ആഗോള പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പാലമായി ഈ മ്യൂസിയം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.