ലോക് സഭയില്‍ അമിത് ഷായും ഒവൈസിയും ഏറ്റുമുട്ടി


JULY 18, 2019, 3:09 PM IST

' ബിജെപിയുടെ തീരുമാനങ്ങളെ പിന്തുണക്കാത്തവരെയെല്ലാം  അവര്‍ ദേശീയ വിരുദ്ധരെന്നു വിളിക്കുന്നു. ദേശീയവാദികളെയും ദേശീയ വിരുദ്ധരെയും വില്‍ക്കുന്ന കട  അവര്‍ തുറന്നിട്ടുണ്ടോ? അമിത് ഷാ അദ്ദേഹത്തിന്റെ വിരല്‍ ചൂണ്ടി ഭയപ്പെടുത്തുകയാണ്. എന്നാല്‍ അദ്ദേഹം ഒരു ആഭ്യന്തര മന്ത്രി മാത്രമാണ്; ദൈവവൊന്നുമല്ല'.ഓള്‍  ഇന്ത്യ  മജ്ലിസ് -ഇ -ഇത്തിഹദുല്‍  മുസ്ലിമീന്‍  (എഐഎംഐഎം) നേതാവ് അസാസുദ്ദിന്‍ ഒവൈസി പറഞ്ഞു.

പര്‍ലമെന്റില്‍ അമിത് ഷായുമായി നടന്ന രൂക്ഷമായ വാക്യുദ്ധത്തിനു ശേഷമാണ് ഒവൈസി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയുടെ ഭീകര വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ) വിപുലമായ   അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ബിജെപിയുടെ സത്യപാല്‍ സിംഗ് നടത്തിയ ചില അവകാശവാദങ്ങളെത്തുടര്‍ന്നായിരുന്നു ഇരുവരുംതമ്മിലുള്ള വാക്യുദ്ധമുണ്ടായത്.ഒവൈസിക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ബിജെപി എം പി സംസാരിക്കുന്നത് കേള്‍ക്കാന്‍ ഷാ ഒവൈസിയോട് ആവശ്യപ്പെട്ടു.'

താങ്കള്‍ക്ക്  ഭീഷണിപ്പെടുത്താനൊന്നുമാകില്ല' എന്ന് ഒവൈസി അതിനു മറുപടിയായി ഷായോട് പറഞ്ഞത്.സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേരെ നടത്തുന്നതായ ആക്രമണങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാന്‍ അധികാരം നല്‍കുന്നതാണ് 2019ലെ ദേശീയ അന്വേഷണ ഏജന്‍സി (ഭേദഗതി) ബില്‍. വലിയ ഭൂരിപക്ഷമുള്ള ലോക് സഭയില്‍ അത് പാസാക്കുന്നതിന് ഗവണ്മെന്റിനു അനായാസം കഴിഞ്ഞു. ഇനി രാജ്യസഭയിലും അത് പാസാക്കേണ്ടതുണ്ട്. അത് കഴിഞ്ഞു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെക്കുന്നതോടെയാകും അത് നിയമമാകുക.ഒരു പ്രത്യേക കേസ് അന്വേഷിച്ച ഹൈദരാബാദിലെ പോലീസ് കമ്മീഷണര്‍ ആയിരുന്ന ഓഫീസറോട് അന്വേഷണത്തിന്റെ ദിശ മാറ്റണമെന്നും അല്ലെങ്കില്‍ സ്ഥലം മാറ്റുമെന്നും ഒരു രാഷ്ട്രീയ നേതാവ് ഭീഷണിപ്പെടുത്തിയതായി സത്യപാല്‍ സിംഗ് പറഞ്ഞു.

അക്കാലത്ത് മുംബൈ പോലീസ് കമ്മീഷണറായിരുന്ന തനിക്കത്   മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു സിംഗിന്റ അവകാശവാദം.ഇതിനെ ചോദ്യംചെയ്തുകൊണ്ട് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഒവൈസി എഴുന്നേല്‍ക്കുകയും ബിജെപി എംപിയോടു തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഈ ഘട്ടത്തില്‍ പ്രസംഗം തടസ്സപ്പെടുത്തരുതെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷാ ചാടിയെഴുന്നേറ്റു

. 'മിസ്റ്റര്‍ ഒവൈസിയുടെയും മറ്റുള്ളവരുടെയും മതനിരപേക്ഷത പുറത്തുചാടിയിരിക്കുന്നു....അവരെല്ലാം സംസാരിക്കുമ്പോള്‍ നമ്മള്‍ ക്ഷമയോടെ കേട്ടിരുന്നു. കേള്‍ക്കാന്‍ പഠിക്കുക, ഒവൈസി സാബ്. ഇങ്ങനെ പോയാല്‍ പറ്റില്ല. നിങ്ങള്‍ കേട്ടേ മതിയാകു' 

ഒവൈസിക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ടാണ് ഷാ ഇത് പറഞ്ഞത്.

അപ്പോഴാണ് ക്ഷുഭിതനായ ഒവൈസി തനിക്കു നേരെ വിരല്‍ ചൂണ്ടരുതെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും പറഞ്ഞത്.

'താങ്കളുടെ മനസ്സില്‍ ഭയമുള്ളപ്പോള്‍ ഞാനെന്തു ചെയ്യാനാണ്' എന്നായിരുന്നു ബിജെപി പ്രസിഡന്റിന്റെ പ്രതികരണം.

Other News