വിശിഷ്‌ട സേവനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങി 24 മണിക്കൂറിനകം കോണ്‍സ്റ്റബിള്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍


AUGUST 18, 2019, 2:58 AM IST

തെലങ്കാന: സ്വാതന്ത്ര്യദിനത്തില്‍ മികച്ച പൊലീസുകാരനുള്ള പുരസ്‌കാരം നേടിയ കോണ്‍സ്റ്റബിള്‍ പിറ്റേന്ന് തന്നെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. തെലങ്കാന പൊലീസില്‍ കോണ്‍സ്റ്റബിളായ പല്ലേ തിരുപ്പതി റെഡ്ഢിയാണ് കൈക്കൂലിയിൽ കുടുങ്ങിയത്.

സംസ്ഥാനത്തെ മികച്ച പൊലീസ് സര്‍വ്വീസിനുള്ള പുരസ്‌കാരം തെലങ്കാന ആഭ്യന്തര മന്ത്രി ശ്രീനിവാസ് ഗൗണ്ടയാണ് മെഹബൂബ്‌നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റെഡ്ഢിക്ക് നല്‍കിയത്. 

കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ രമേശ് എന്ന യുവാവില്‍ നിന്ന് പതിനേഴായിരം രൂപ ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.ആവശ്യമായ രേഖകളോടെ മണല്‍ കൊണ്ടുപോയ യുവാവിനെ പിടികൂടിയ കോൺസ്റ്റബിൾ കേസ് ചാര്‍ജ് ചെയ്യാതിരിക്കാനാണ് പണം ആവശ്യപ്പെട്ടത്. 

മണല്‍ കൊണ്ടുപോവുന്നത് അനുമതിയോടെയാണെന്നു രേഖകള്‍ കാണിച്ചിട്ടും റെഡ്ഢി യുവാവിനെ വിടാന്‍ തയ്യാറായില്ല. സ്റ്റേഷനില്‍ വച്ച് യുവാവിനെ അപമാനിക്കാനും ശ്രമിച്ചതോടെ രമേശ് അഴിമതി വിരുദ്ധ സ്ക്വാഡിനെ സമീപിക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ റെഢ്ഢിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

Other News