ലക്ഷദ്വീപില്‍ 800 കോടി രൂപ മുതല്‍മുടക്കില്‍ മൂന്ന് പ്രീമിയം വാട്ടര്‍ വില്ലകള്‍ വരുന്നു


AUGUST 2, 2021, 8:02 AM IST

കവരത്തി: വിവാദകേന്ദ്രമായ ലക്ഷദ്വീപില്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി പ്രീമിയം വാട്ടര്‍ വില്ലകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ പദ്ധതി. മാലദ്വീപ് മാതൃകയിലാണ് ലക്ഷദ്വീപില്‍ മൂന്ന് പ്രീമിയം വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ വില്ലകള്‍ എന്നവകാശപ്പെടുന്ന ഈ പദ്ധതിക്കായി 800 കോടി രൂപയാണ് മുതല്‍മുടക്ക്്. മിനിക്കോയ്, കഡ്മാറ്റ്, സുഹേലി എന്നിവിടങ്ങളില്‍ വരുന്ന പദ്ധതിക്കായി ശനിയാഴ്ച ലക്ഷദ്വീപ് ഭരണകൂടം ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സമുദ്ര സംബന്ധമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് നിതി ആയോഗ് വകുപ്പിന് കീഴില്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതെന്ന് ലക്ഷദ്വീപ് ഭരണകൂടം പറയുന്നു.

പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും ദ്വീപ് നിവാസികളുടെ ഉപജീവന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുടെ ഓരോ ഘട്ടത്തിലും ശാസ്ത്രീയ സമീപനമാണ് സ്വീകരിച്ചതെന്ന് ഭരണകൂടം പറയുന്നു. അനുയോജ്യമായ സ്ഥലത്തിന്റെ വിശകലനം, സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍, പ്രോജക്ട് ഘടന എന്നിവയെ അടിസ്ഥാനമാക്കി മിനിക്കോയില്‍ 319 കോടി രൂപ, സുഹേലിയില്‍ 247 കോടി രൂപ, കഡ്മാറ്റില്‍ 240 കോടി രൂപ എന്നിങ്ങനെയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

സുസ്ഥിര തീരദേശ പരിപാലനത്തിനുള്ള ദേശീയ കേന്ദ്രം(എന്‍സിഎസ്സിഎം), പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം, നിതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം വിലയിരുത്തലിനും സ്ഥിരീകരണത്തിനുമായി 2018ല്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നു. പദ്ധതിക്കായി എന്‍സിഎസ്സിഎം വിലയിരുത്തി സമഗ്ര വികസന ആസൂത്രിത പദ്ധതി അംഗീകരിച്ചുവെന്ന് ഭരണകൂടം അറിയിച്ചു.

പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് പദ്ധതിക്കാവശ്യമായ തീരദേശ നിയന്ത്രണ മേഖല നിയമം ഉള്‍പ്പെടെയുള്ള തടസങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് തീരദേശ നിയന്ത്രണ മേഖല നിയമത്തിന്റെ തടസങ്ങള്‍ നീക്കുന്നതിനാവശ്യമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത്.

2020 ഫെബ്രുവരിയില്‍ ലക്ഷദ്വീപ് തീരദേശ പരിപാലന അതോറിറ്റി മൂന്ന് പദ്ധതികള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം 2020 സെപ്റ്റംബര്‍ 30ന് നടന്ന 274-ാമത് വിദഗ്ധ അംഗീകാര സമിതി തീരദേശ നിയന്ത്രണ മേഖലക്ക് അംഗീകാരം നല്‍കി. പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുന്‍പ് പൊതുപ്രവര്‍ത്തകര്‍, കഡ്മാറ്റ്, മിനിക്കോയ്, കവരത്തി പഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും കൂടിക്കാഴ്ച നടത്തിയതായി ഭരണകൂടം അവകാശപ്പെടുന്നു.

Other News