ലോക ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് സുവർണ നേട്ടം;ഇന്ത്യക്കിത് ആദ്യ കിരീടം


AUGUST 25, 2019, 9:16 PM IST

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): രണ്ട് തവണ കൈയില്‍ നിന്ന് തെന്നിമാറിയ ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം പി വി സിന്ധു. ലോക നാലാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ ഫൈനലില്‍ അഞ്ചാം നമ്പറായ സിന്ധു നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു (21-7, 21-7).വെറും 38 മിനിറ്റിൽ കളിതീർത്ത സിന്ധു ലോക ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷില്‍ ഇന്ത്യയ്ക്ക് കന്നി സ്വര്‍ണമാണ് നേടിക്കൊടുത്തത്. 

2017ല്‍ ഇതേ എതിരാളിയാണ് സിന്ധുവിനെ ഫൈനലില്‍ തോല്‍പിച്ചത്.ലോക മൂന്നാം നമ്പറായ ചെന്‍ യു ഫിയെ സെമിയിൽ നേരിട്ടുള്ള ഗെയിമുകുള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു കലാശപ്പോരത്തിലേക്ക് കുതച്ചുകയറിയത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്‌മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നത്. കഴിഞ്ഞ രണ്ട് സീസണിലും സിന്ധുവിന് വെള്ളി മെഡല്‍  കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.ഇതിന് പുറമെ രണ്ട് വെങ്കലവും ചാമ്പ്യൻഷിപ്പിൽ സിന്ധു കരസ്ഥമാക്കിയിട്ടുണ്ട്. 

ഏകപക്ഷീയമായ സെമിയില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യു ഫീയെ 21-7, 21-14 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. മത്സരം നാല്‍പ്പത് മിനിറ്റില്‍ അവസാനിച്ചു. ഏഴാം നമ്പറായ റാറ്റ്ചനോക്ക് ഇന്റാനോണിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. സ്‌കോര്‍ 17-21, 21-18, 21-15.  

Other News