ആരോ ഒരാള്‍ കള്ളം പറയുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി


JULY 3, 2020, 7:53 PM IST

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് വിമര്‍ശനം. ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. തീര്‍ച്ചയായും, ആരോ ഒരാള്‍ കള്ളം പറയുകയാണ് -എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് ലഡാക്കിലുള്ളവര്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യം ഉള്‍പ്പെടെ ചേര്‍ത്താണ് രാഹുലിന്റെ പുതിയ വിമര്‍ശനം.

ലഡാക്ക് സംഘര്‍ഷത്തിനു പിന്നാലെ പ്രധാനമന്ത്രി മോദിയുടെ വാക്കുകളെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്ത് ആരും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ഒരു സൈനിക പോസ്റ്റും ആരും പിടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി സര്‍വ കക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്? അവര്‍ എവിടെവെച്ചാണ് കൊല്ലപ്പെട്ടത് എന്നിങ്ങനെ രണ്ട് ചോദ്യങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള രാഹുലിന്റെ ട്വിറ്ററിലെ പ്രതികരണം.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന് ദി ജപ്പാന്‍ ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ നരേന്ദ്ര മോദി സത്യത്തില്‍ സറണ്ടര്‍ മോദിയാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

Other News