മടങ്ങിവരാനില്ലെന്ന് രാഹുല്‍; കോണ്‍ഗ്രസ് പ്രതിസന്ധി രൂക്ഷം


JULY 4, 2019, 10:25 AM IST

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് താന്‍ മടങ്ങിവരില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എഴുതിയ നാല് പുറം വരുന്ന കത്തിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇനിയൊരു മടക്കമില്ലെന്ന് പ്രഖ്യാപിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ തന്റെ കത്ത് പുറത്ത് വിട്ടത്.


പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു പങ്കും വഹിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ ആ ചുമതല ഏല്പിച്ചിരിക്കുകയാണ്. അവര്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കും--അദ്ദേഹം പറഞ്ഞു. 
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ പലപ്പോഴും താന്‍ ഒറ്റപ്പെട്ട അവസ്ഥയുണ്ടായി എന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ഭാഷയിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.  മറുവശത്ത് ബിജെപിയാകട്ടെ രാജ്യത്തെ ഭിന്നിപ്പിച്ചാണ് വിജയം നേടിയത്.


കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അലകും പിടിയും മാറിയാല്‍ മാത്രമേ അസഹിഷ്ണുതയുടെ പ്രതിരൂപമായ ബിജെപിയെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനാവൂ എന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.


രാഹുല്‍ ഗാന്ധി മടങ്ങിവരണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സത്യാഗ്രഹം വരെ നടത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ നിരവധി ആഴ്ച്ചകളായി അദ്ദേഹത്തെ മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു മുതിര്‍ന്ന പാര്‍ട്ടിനേതാക്കള്‍.


വ്യാഴാഴ്ച്ച അദ്ദേഹം വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരും അതെ ആവശ്യം അദ്ദേഹത്തിന് മുന്നില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയാണ് രാഹുല്‍ ചെയ്തത്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയുന്ന ഒരു നേതാവിനെ നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് കണ്ടെത്തേണ്ട ചരിത്രപരമായ ദൗത്യമാണ് ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വന്നിട്ടുള്ളത്.


രാഹുലിന്റെ ഉറച്ച നിലപാടിന് വലിയ അംഗീകാരം ഇതിനിടക്ക് ഉണ്ടായിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ തന്ത്രമല്ലെന്നും  കുടുംബവാഴ്ച്ചയുടെ പഴി എന്നും കേട്ടിട്ടുള്ള കോണ്‍ഗ്രസിന് രാഹുലിന്റെ നിലപാട് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും  നിരവധി പേര് കരുതുന്നു.

Other News