അധ്യക്ഷനാകാന്‍ ഇല്ല; പുതിയ ആളെ കണ്ടെത്തേണ്ടത്  പാര്‍ട്ടിയുടെ ഉത്തരവാദിത്തം: രാഹുല്‍


JUNE 20, 2019, 6:29 PM IST

ന്യൂഡല്‍ഹി:  വേണ്ടെന്നു വെച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നാവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. തന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും അതില്‍ താന്‍ ഇടപെടുകയില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ അനൗപചാരിക സംഭാഷണത്തിനിടെയാണ് രാഹുല്‍ നിലപാട് അറിയിച്ചത്.
രണ്ട് ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. അതിലൊന്ന് പഴയ നിലപാട് മാറ്റിയോ? എങ്കില്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതെന്താണെന്നാണ്. അതിനുത്തരമായാണ് അധ്യക്ഷ സ്ഥാനത്തു തുടരുന്ന കാര്യം പരിഗണിക്കുന്നേ ഇല്ലെന്നു പറഞ്ഞത്. തന്റെ തീരുമാനം ഉറച്ചതു തന്നെയെന്നും രാഹുല്‍ വ്യക്തമാക്കി.
എങ്കില്‍ ആരായിരിക്കും രാഹുലിനു പകരക്കാരനായി വരുന്നത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ചോദ്യം.

അക്കാര്യം തീരുമാനിക്കുന്നത് താനല്ലെന്നും പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചുമതല കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നും രാഹുല്‍ തുറന്നടിച്ചു. പുതിയ ളെ താന്‍ നിര്‍ദ്ദേശിക്കില്ലെന്നും അക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തുകയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഇതോടെ കോണ്‍ഗ്രസിനു മുന്നില്‍ രാഹുലിനെക്കുറിച്ചുള്ള പ്രതീക്ഷകളുടെ വാതിലുകളും അടയുകയാണ്. അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന രാഹുലിന്റെ തീരുമാനത്തിന് ഇളക്കം തട്ടുമെന്നും മനസ് മാറി അദ്ദേഹം അധ്യക്ഷ പദവിയില്‍ തുടരുമെന്നുമായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. പക്ഷെ ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചതോടെ പുതിയ അധ്യക്ഷനെ എത്രയും വേഗം അവരോധിക്കുക എന്ന ദുര്‍ഘടം പിടിച്ച ചുമതല ഹൈക്കമാന്റിന്റെ ചുമലില്‍ വീണിരിക്കുകയാണ്.

പാര്‍ലമെന്റ് നടപടിക്രമങ്ങളിലും രാഹുലിന്റെ താല്‍പര്യക്കുറവ് പ്രകടമായിരുന്നു. പകിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ വളരെ വൈകിയെത്തിയ രാഹുല്‍ മൊബൈലില്‍ കളിച്ചും സെല്‍ഫിയെടുത്തുമൊക്കെയാണ് സമയം ചെലവിട്ടത്.

റഫാല്‍ വിമാനങ്ങളെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തില്‍ നടത്തിയ പരാമര്‍ശത്തോടുമാത്രമാണ് പ്രതിപക്ഷ അംഗമെന്ന നിലയില്‍ രാഹുല്‍ പ്രതികരിച്ചത്. റഫാലില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

Other News