റായ്പൂരില്‍ നിന്ന്  തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ്  ഡിസംബര്‍ 1 മുതല്‍


NOVEMBER 26, 2021, 10:42 AM IST

റായ് പൂര്‍: ഛത്തീസ്ഗഡിലെ വിമാനയാത്രക്കാര്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാം. ഡിസംബര്‍ 1 മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് റായ്പൂര്‍-തിരുവനന്തപുരം-റായ്പൂര്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്.

ഛത്തീസ്ഗഡില്‍ നിന്ന് ആദ്യമായാണ് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത്. വിനോദസഞ്ചാരം, ആരോഗ്യം, ഔഷധ സസ്യവ്യാപാരം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ് ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാനം. ഇന്‍ഡിഗോയുടെ എയര്‍ലൈന്‍സ് വിമാനം (6E813) റായ്പൂരില്‍ നിന്ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് രാത്രി 9.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഇതേ വിമാനം അവിടെ നിന്ന് രാത്രി 9.45ന് പറന്ന് 11.05ന് റായ്പൂരിലെത്തും.

ഇതോടെ റായ്പൂരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാം. റായ്പൂരില്‍ നിന്ന് തുടര്‍ച്ചയായി പുതിയ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍, ഓരോ ആഴ്ചയും ഏകദേശം 50,000 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പരമാവധി പുതിയ ഫ്ളൈറ്റുകള്‍ ആരംഭിച്ചതിന് പിന്നാലെ ഡിസംബറില്‍ പുതിയ ഫ്ളൈറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിക്കുകയാണ്.

Other News