ലക്നൗ: സമാജ്വാദി പാര്‍ട്ടിയുടെ രണ്ട് സീറ്റുകള്‍ ബി ജെ പി പിടിച്ചെടുത്തു. രാംപൂര്‍, അസംഗഡ് പാര്‍ലമെന്റ് സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്വന്തമാക്കിയത്.
തന്റെ പ്രവര്‍ത്തനങ്ങളുടേയും സര്‍ക്കാരിന്റേയും അംഗീകാരത്തിനുള്ള മുദ്രയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ഫലമെന്നും അദ്ദേഹം പറഞ്ഞു.
എസ് പിയുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന മണ്ഡലങ്ങളാണ് രാംപൂരും അസംഗഡും. മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്. എസ് പിയുടെ പാര്‍ട്ടി നേതൃത്വത്തിന് ഏല്ക്കുന്ന കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. മാത്രമല്ല അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാന് എന്നീ എസ് പിയുടെ രണ്ട് ഉന്നത നേതാക്കളുടെ മണ്ഡലം കൂടിയാണ് ഇവ.
എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിജയിച്ച അസംഗഡ് സീറ്റില്‍ നിന്നും മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹം രാജിവെക്കുകയായിരുന്നു. അഖിലേഷിന്റെ ബന്ധു ധര്‍മേന്ദ്ര യാദവിനെ ഉപതെരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ഥിയാക്കിയെങ്കിലും അദ്ദേഹം അസംഗഡില്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. മാത്രമല്ല അമ്മാവന് ശിവപാല്‍ സിംഗ് യാദവിനെ അസംഗഡില്‍ പ്രചാരണത്തിന് ഇറങ്ങാനും അദ്ദേഹം അനുവദിച്ചില്ല.
എസ് പിയുടെ തോല്‍വിക്ക് അസംഗഡില്‍ ബി എസ് പിയും നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തിയത്. മുസ്ലിം സ്ഥാനാര്‍ഥിയായ ഗുഡ്ഡു ജമാലിയെ സ്ഥാനാര്‍ഥിയാക്കിയ ബി എസ് പി രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയതോടെ ബി ജെ പിയുടെ ദിനേശ് ലാല്‍ യാദവ് നിരാഹു വിജയത്തിലേക്ക് നടക്കുകയായിരുന്നു.
റാംപൂര്‍ മണ്ഡലത്തില്‍ ബി ജെ പിയുടെ ഘനശ്യാം ലോധി സമാജ്വാദി പാര്‍ട്ടിയുടെ അസിം രാജയെ നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. ബി ജെ പിക്ക് 52 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എസ് പിക്ക് 46 ശതമാനം വോട്ടാണ് നേടാനായത്. ഉപതെരഞ്ഞെടുപ്പില്‍ അക്ഷീണം പ്രയത്നിച്ച മുതിര്‍ന്ന എസ് പി എം എല്‍ എ മുഹമ്മദ് അസംഖാന്റെ വ്യക്തിപരമായ തിരിച്ചടിയാണ് റാംപൂരിലെ എസ് പിയുടെ തോല്‍വി. ഇത് പരാജയമായി മാറിയ വിജയമാണെന്നും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും വോട്ടെടുപ്പ് ദിവസം ഇത് ആവര്‍ത്തിച്ചു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.