റിലയന്‍സ് ജിയോ ഭരണം ആകാശ് അംബാനിയിലേക്ക്


JUNE 28, 2022, 6:55 PM IST

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ബോര്‍ഡില്‍ നിന്നും രാജിവെച്ചു. ജിയോയുടെ ഭരണനേതൃത്വം ആകാശ് അംബാനിക്ക് കൈമാറിയതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

ജൂണ്‍ 27ന് ചേര്‍ന്ന യോഗത്തിലാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാശ് എം അംബാനിയെ നിയമിച്ചതിന് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിലയന്‍സ് ജിയോയില്‍ സജീവമായി പങ്കു വഹിക്കുന്ന ആകാശ് അംബാനി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഗുഗ്ള്‍, ഫേസ്ബുക്ക്, ജനറല്‍ അറ്റ്‌ലാന്റിക്, സൗദി അറേബ്യയുടെ സോവറിന്‍ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെനഞര് ഫണ്ട് ഉള്‍പ്പെടെ റീട്ടയില്‍ ഡിജിറ്റല്‍ യൂണിറ്റുകളില്‍ നിക്ഷേപിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇരട്ട സഹോദരി ഇഷ അംബാനിയോടൊപ്പം ആകാശ് കമ്പനിയുടെ ചുക്കാന്‍ പിടിച്ചിരുന്നു.

ഇതോടൊപ്പം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി അഞ്ച് വര്‍ഷത്തേക്ക് പങ്കജ് മോഹന്‍ പവാറിനേയും സ്വതന്ത്ര ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്‌റാളിനേയും കെ വി ചൗധരിയേയും നിയമിച്ചിട്ടുണ്ട്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നേതൃമാറ്റത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ആദ്യം മുകേഷ് അംബാനി സൂചന നല്‍കിയിരുന്നു. താനുള്‍പ്പെടെ എല്ലാ മുതിര്‍ന്നവരും ഇപ്പോള്‍ റിലയന്‍സിലുള്ള ഉയര്‍ന്ന കഴിവും പ്രതിബദ്ധതയുമുള്ള യുവനേതൃത്വങ്ങള്‍ക്ക് വഴി മാറണമെന്നായിരുന്നു ഡിസംബറില്‍ ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനം ആഘോഷിക്കുന്ന റിലയന്‍സ് ഫാമിലി ഡേയില്‍ മുകേഷ് അംബാനി പറഞ്ഞത്.

Other News