ടിക്ക് ടോക്കിനെ ചൊല്ലി തര്‍ക്കം: ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു


JUNE 3, 2019, 10:45 AM IST

കോയമ്പത്തൂര്‍: ടിക്ക് ടോക്കില്‍ വീഡിയോ ഇടുന്നതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോയമ്പത്തൂരിന് സമീപം കണ്‍സ്ട്രക്ഷന്‍ തൊഴിലാളി, ഭാര്യയെ കുത്തിക്കൊന്നു. മധുക്കരൈ അറിവൊഴി നഗര്‍ താമസക്കാരനായ കനകരാജാണ് ഭാര്യ നന്ദിനിയെ(28) കുത്തിക്കൊലപ്പെടുത്തിയത്.

ഒരു സ്വകാര്യ എഞ്ചിനിയറിങ് കോളേജിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു നന്ദിനി. രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ നന്ദിനി മകനോടും മകളോടുമൊപ്പം വേറെ താമസിച്ചുവരികയായിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കനകരാജ് ഭാര്യയെ വിളിച്ചു. പക്ഷേ ഏറെനേരവും ഫോണ്‍ എന്‍ഗേഡ്ജ് ആയിരുന്നു. ഇതിനുശേഷം നന്ദിനിയുടെ താമസസ്ഥലത്ത് മദ്യപിച്ച് എത്തിയ കനകരാജ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

നന്ദിനി താമസിച്ചിരുന്ന കോളേജ് ഹോസ്റ്റലില്‍വെച്ചായിരുന്നു സംഭവം. കോളേജ് ജീവനക്കാര്‍ ഉടന്‍തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനകരാജിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ടിക്ക് ടോക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ നന്ദിനി തുടര്‍ച്ചയായി വീഡിയോ അപ്ലോഡ് ചെയ്യുന്നതില്‍ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.


Other News