കോണ്‍ഗ്രസ് അധ്യക്ഷ പദമൊഴിയാനുള്ള രാഹുലിന്റെ നീക്കം ആത്മഹത്യയ്ക്കു തുല്യമെന്ന് ലാലുപ്രസാദ് യാദവ്


MAY 28, 2019, 4:10 PM IST

പാറ്റ്‌ന : തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഹുല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും റാഞ്ചിയിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് പറഞ്ഞു.


രാഹുല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണം. നെഹ്‌റുകുടുംബത്തിനുപുറത്തുള്ള ഒരാളാണ് പ്രസിഡന്റ് ആകുന്നതെങ്കില്‍ അപ്പോളും ആരോപണം ഉയരും. നെഹ്‌റുകുടുംബം നിയന്ത്രിക്കുന്ന പാവ എന്നാകും ആരോപണം. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ ഇടനല്‍കരുതെന്നും ലാലു വ്യക്തമാക്കി.


പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മോഡിയുടെ വിജയം പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പരാജയമാണെന്ന് അംഗീകരിക്കണമെന്നും എവിടെയാണ് തെറ്റ് പറ്റിയതെന്ന് പരിശോധിക്കണമെന്നും ലാലു പറഞ്ഞു.


കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് ഹൃദയ ചികിത്സാര്‍ത്ഥമാണ് റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്ളത്.

Other News