കസ്റ്റഡി മരണക്കേസില്‍ ഗുജറാത്തിലെ വിവാദ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനു ജീവപര്യന്തം


JUNE 20, 2019, 2:35 PM IST

അഹമ്മദാബാദ്:  ഗുജറാത്തില്‍ കസ്റ്റഡി മരണക്കേസില്‍ വിവാദ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ. ജാംനഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 1990ല്‍ രഥയാത്ര നടത്തിയ ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ ജാംനഗറിലെ ജംഖാബാലിയ പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുകയും പ്രഭുദാസ് വൈഷ്ണാനി എന്നയാള്‍ പിന്നീടു മരിക്കുകയും ചെയ്ത സംഭവത്തിലാണ് വിധി. ഭട്ട് അന്നു ജാംനഗര്‍ എഎസ്പി ആയിരുന്നു.

കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. 1996ല്‍ ബനാസ്‌കാന്ത എസ്പിയായിരിക്കേ ഒരു അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലും സഞ്ജീവ് ഭട്ട് വിചാരണ നേരിടുന്നുണ്ട്. 2002ലെ ഗുജറാത്ത് കലാപങ്ങളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.

2011ല്‍ സുപ്രീം കോടതിയില്‍ മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണു സഞ്ജീവിനെതിരായ നടപടികള്‍ തുടങ്ങിയത്. തുര്‍ച്ചയായി ജോലിക്കു ഹാജരാകാതിരിക്കുകയും ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തതിന് 2011 മുതല്‍ ഭട്ട് സസ്‌പെന്‍ഷനിലായിരുന്നു. 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇദ്ദേഹത്തെ സര്‍വീസില്‍നിന്നു പുറത്താക്കി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്.

Other News