ദേശീയ നേതൃത്വത്തിന്റെ അഭാവം കോണ്‍ഗ്രസിന് ക്ഷതമേല്‍പിക്കുന്നു: ശശി തരൂര്‍


JULY 29, 2019, 12:44 PM IST

ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥ പാര്‍ട്ടിക്ക് ക്ഷതമേല്‍പ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ദേശീയ മാധ്യമമായ പിടിഐയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്കയെ പോലുള്ള യുവ നേതാക്കള്‍ കോണ്‍ഗ്രസിന് ദിശാബോധം നല്‍കാന്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതൃത്വത്തെക്കുറിച്ച അവ്യക്തത കോണ്‍ഗ്രസിന് ക്ഷതമേല്‍പിക്കുന്നുണ്ട്. യുവനേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ച രാഹുല്‍ ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തി അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.പാര്‍ട്ടിയില്‍ സംജാതമായ സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ച തരൂര്‍ കോണ്‍ഗ്രസില്‍ തങ്ങള്‍ അനുഭവിക്കുന്ന വിഷമാവസ്ഥക്ക് കൃത്യമായ ഉത്തരമില്ലെന്ന് തുടര്‍ന്നു. നേതൃത്വത്തെക്കുറിച്ച വ്യക്തതക്കുറവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും വേദനിപ്പിക്കുന്നതാണ്. നിര്‍ണായക തീരുമാനങ്ങളെടുക്കുകയും പ്രചോദനവും ഊര്‍ജവും നല്‍കി പ്രവര്‍ത്തകരെ ഒരുമിച്ചുമുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വം അവര്‍ക്ക് ഇല്ലാതായിരിക്കുന്നു.  ഇടക്കാല വര്‍ക്കിങ് പ്രസിഡന്റിനെ കണ്ടെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദേശിക്കുകയാണ് ഒരു വഴി. ശേഷം പ്രധാന പദവികളിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും തെരഞ്ഞെടുപ്പിലൂടെ അനുയോജ്യരായവരെ കണ്ടെത്താനാകും. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യം യുവനേതൃത്വമാണെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിെന്റ നിലപാടിനെ തരൂര്‍  പിന്തുണച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതടക്കം പാര്‍ട്ടിക്കു മുന്നില്‍ എല്ലാ വഴികളും തുറന്നുകിടക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധി മത്സരരംഗത്തേക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അക്കാര്യം തീരുമാനിക്കേണ്ടത് ഗാന്ധി കുടുംബമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ അഭിപ്രായത്തോട് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെസി വേണുഗോപാല്‍ അനുകൂലമായാണ് പ്രതികരിച്ചത്. പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂര്‍പ്രകടിപ്പിച്ചതെന്നാണ് വേണുഗോപാല്‍ പറഞ്ഞത്.

Other News