ശ്രീലങ്കന്‍ചാവേറുകള്‍ ആക്രമണത്തിനു മുമ്പ് ഇന്ത്യയില്‍ വന്നതിന് തെളിവില്ല; അന്വേഷണം  മാലദ്വീപിലേക്ക് 


JUNE 3, 2019, 2:05 PM IST

ന്യൂദല്‍ഹി:  ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയ സഹ്റാന്‍ ഹാഷിമും കൂട്ടാളികളും അതിനു മുമ്പ് ഇന്ത്യയിലെത്തിയതിന് തെളിവില്ലെന്ന് ശ്രീലങ്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേരളത്തിലടക്കം ഇവര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നേരത്തെ അന്വേഷണം നടത്തിയിരുന്നു.

ഇമിഗ്രേഷന്‍ രേഖകളടക്കം സൂക്ഷമമായി പരിശോധിച്ച ശേഷമാണ് സഹ്റാന്‍ ഹാഷിമും ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവരും ഇന്ത്യയില്‍ എത്തിയിട്ടില്ലെന്ന് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. കടല്‍ വഴിയും മറ്റുമായി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കാനുള്ള സാധ്യതയും കണ്ടെത്താനായിട്ടില്ല. ശ്രീലങ്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന നാഷണല്‍ തൗഹീദ് ജമാഅത്ത് ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിച്ചതിനും തെളിവ് ലഭിച്ചിട്ടില്ല. ശ്രീലങ്കന്‍ ഭീകരഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒറ്റ കണ്ണിയേയും കണ്ടെത്താനായിട്ടില്ല.

ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ കശ്മീരില്‍ എത്തിയിരിക്കാനുള്ള സാധ്യതയും സുരക്ഷാ ഏജന്‍സികള്‍ തള്ളി. ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനയകെയാണ് ഇത്തരമൊരു സംശയം മുന്നോട്ടുവെച്ചിരുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഘത്തിലെ ചിലര്‍ കശ്മീര്‍, കേരള, കര്‍ണാടക എന്നിവടങ്ങള്‍ സന്ദര്‍ശിച്ചതായി കരതുന്നുവെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണം നടത്തിയവരില്‍ ആരും ഇന്ത്യ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കിയിരുന്നു.

സഹ്റാന്‍ മാലദ്വീപ് സന്ദര്‍ശിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ അക്കാര്യമാണ് അന്വേഷിക്കുന്നത്. 2017-18 ല്‍ സഹ്്റാന്‍ ഹാഷിം ഏതാനും മാസങ്ങള്‍ മാലദ്വീപില്‍ ഒളിവില്‍ താമസിച്ചുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചത്.

യുവാക്കളെ ഐ.എസും അല്‍ഖാഇദയും സ്വാധീനിക്കുന്നുവെന്ന് നേരത്തെ മാലദ്വീപ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. 2014 ല്‍ 200 ലേറെ മാലദ്വീപുകാര്‍ സിറിയയിലേക്കും ഇറാഖിലേക്കും പോയെന്നാണ് കണക്ക്. ഇവര്‍ തിരിച്ചെത്തി രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നുണ്ട്.

2004-നും 2010നും ഇടയില്‍ നിരവധി ശ്രീലങ്കന്‍ മുസ്്ലിംകള്‍ പാക്കിസ്ഥാനിലേക്ക് മതപഠനത്തിനു പോയതായി ഇന്ത്യന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അവിടത്തെ ദഅവാ അക്കാദമിയില്‍ പഠിക്കാനായിരുന്നു ഇവരുടെ യാത്ര. മുസ്ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലുള്ളവര്‍ക്ക് മതപഠനത്തിന് അവസരം നല്‍കിയിരുന്ന അക്കാദമി ഇപ്പോള്‍ നിലവിലില്ല.


Other News