സുനന്ദ പുഷ്‌കര്‍ മരിക്കുന്നത് ബി ജെ പിയില്‍ ചേരാൻ ഒരുങ്ങുന്നതിനിടെയെന്ന വെളിപ്പെടുത്തലുമായി പുസ്‌തകം 


JULY 27, 2019, 8:49 PM IST

ന്യൂഡല്‍ഹി: ശശി തരൂർ എം പിയുടെ ഭാര്യ,ദുരൂഹ സാഹചര്യത്തില്‍ മരിച്ച സുനന്ദ പുഷ്‌കര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജീവചരിത്ര പുസ്‌തകം.ബി ജെ പിയില്‍ ചേര്‍ന്ന് കശ്‌മീരിൽ മത്സരിക്കാന്‍ സുനന്ദ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദ മരിക്കുന്നതെന്ന് സ്‌കൂളിൽ അവരുടെ സഹപാഠിയും മാധ്യമ പ്രവർത്തകയുമായസുനന്ദ മേത്ത എഴുതിയ 'ദി എക്‌സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍' എന്ന പുസ്‌തകത്തില്‍ പറയുന്നു. 

സുനന്ദ എപ്പോഴും  രാഷ്ട്രീയ സ്വപ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന തരൂരിന്റെ മുന്‍ പേഴ്‌സണൽ  സെക്രട്ടറിയുടെ പരാമര്‍ശം പുസ്‌തകത്തിലുണ്ട്.  ''ശശി തരൂര്‍ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ ബി ജെ പിയില്‍ ചേര്‍ന്ന് കശ്‌മീരിൽ മത്സരിക്കാന്‍ പോവുകയാണ്'' എന്ന് സുനന്ദ ശശി തരൂരിന്റെ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നതായും സുനന്ദ മേത്തയുടെ പുസ്‌തകത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട് .

നേരത്തെ മാധ്യമ പ്രവർത്തകൻ തരുണ്‍തേജ്‌പാലും സുനന്ദ പുഷ്‌കർ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സുനന്ദ പുഷ്‌കറിന്റെ ജനനം മുതല്‍ 2014ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതു വരെയുള്ള കാര്യങ്ങളാണ്  'ദി എക്‌സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍'.

കന്റോണ്‍മെന്റ് ടൗണിലായിരുന്നു സുനന്ദയുടെ കുട്ടിക്കാലം. ആദ്യ രണ്ട് വിവാഹങ്ങളും, ആര്‍ക്കും അറിയാതെ അജ്ഞാതമായി കിടക്കുന്ന കാനഡയിലെ ജീവിതകാലഘട്ടവും പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ബിസിനസ് വനിത എന്ന നിലയിലേക്ക് സുനന്ദ വളര്‍ന്ന ദുബായിലെ ജീവിതവും ഇതിലുണ്ട്.സുനന്ദയുടെ മരണത്തില്‍ തരൂര്‍ ഉത്തരവാദിയാണെന്ന് തോന്നുന്നില്ലെന്ന സഹോദരന്റെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശശി തരൂരിന്റെ ഭാര്യയായിട്ടുളള ജീവിതത്തിലെ അവസാന കാലഘട്ടവും പ്രതിപാദിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരി സുനന്ദ മേത്ത  ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രേഖകള്‍, അഭിമുഖങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതകഥയിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ സുനന്ദ മേത്ത ശേഖരിച്ചത്. ദുരൂഹ മരണത്തേക്കാള്‍ ഉപരി  സുനന്ദയുടെ ജീവിതമാണ് പുസ്‌തകത്തിലേറെയും.അംബാലയില്‍ ഒരേ സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ഇരുവരും സുഹൃത്തുക്കളായത്.

Other News