വായിച്ചാല്‍ മനസ്സിലാകുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ബോംബെ ഹൈക്കോടതിയോട് സുപ്രീം കോടതി


NOVEMBER 8, 2019, 12:37 PM IST

ന്യൂഡല്‍ഹി:   'ഞങ്ങള്‍ക്ക് വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കുക'. ബോംബെ ഹൈക്കോടതിയോടു സുപ്രീം കോടതി 'അഭ്യര്‍ത്ഥിച്ചു'. ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഒരു സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഹൈക്കോടതിയുടെ ഉത്തരവ് ബുദ്ധിക്ക് നിരക്കാത്തതാണെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ  ബോസും  പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ തീരുമാനം എന്താണെന്ന് മനസ്സിലാകുന്നില്ല.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി അത് ഹൈക്കോടതിയതിയിലേക്കു തിരിച്ചയക്കുകയും ചെയ്തു.

ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഒരു ക്രിമിനല്‍ റിട്ട് ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു  സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍  സമര്‍പ്പിച്ചത്.

ഹൈക്കോടതി വിധികള്‍ക്കെതിരെ മുമ്പും സുപ്രീം കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. 2017 ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉപയോഗിച്ച ഇംഗ്ലീഷ് ഭാഷയുടെ സങ്കീര്‍ണ്ണത ഉയര്‍ത്തിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

മറ്റൊരവസരത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസിലെ തര്‍ക്ക വിഷയങ്ങളുടെ വസ്തുതയോ കോടതി മുമ്പാകെ ബന്ധപ്പെട്ട കക്ഷികള്‍ ഉന്നയിച്ച വാദമുഖങ്ങളോ ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആ വാദമുഖങ്ങള്‍ വിലയിരുത്തുകയോ  ചെയ്യാതെയുള്ള  വിധിയായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്.കക്ഷികള്‍ തമ്മിലുളള തര്‍ക്കങ്ങളില്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് തര്‍ക്ക വിഷയങ്ങളുടെ സംക്ഷിപ്തമായ വിവരണം, ഒരു പ്രവൃത്തിയെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനം,അതിനെ പ്രതിരോധിക്കുന്ന കക്ഷിയുടെ നിലപാട്, സ്വന്തം നിലപാടുകള്‍ സമര്‍ത്ഥിക്കാനായി   കക്ഷികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍, തര്‍ക്കത്തില്‍ ഉള്‍പ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടെങ്കില്‍ അത്, എല്ലാറ്റിനുമൊടുവില്‍ എന്തുകൊണ്ടാണ് കോടതി ഒരു കക്ഷിയുടെ നിലപാട് സ്വീകരിക്കുന്നതെന്നും മറ്റൊരു കക്ഷിയുടെ നിലപാട് നിരാകരിക്കുന്നതെന്നതിനുമുള്ള കാരണങ്ങളുടെ സംക്ഷിപ്ത രൂപം എന്നിവ ഉണ്ടായിരിക്കണമെന്നാണ് അന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

Other News