പശ്ചിമ ബംഗാള്‍ ഉടനൊന്നും ബംഗ്ലാ ആവില്ല


JULY 8, 2019, 12:21 PM IST

പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ലാ' എന്നാക്കി മാറ്റുന്നതിനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ നിര്‍ദ്ദേശം കേന്ദ്രം തള്ളി.ഈ നിര്‍ദ്ദേശത്തിന് ഇതുവരെയും  സമ്മതം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു. പ്രശ്നത്തില്‍ വേഗം തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.

ബംഗാളില്‍ നിന്നുള്ള എംപി ഋതബ്രത ബാനര്‍ജിയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ  മറുപടിയിലാണ് പശ്ചിമ  ബംഗാളിനെ 'ബംഗ്ലാ' എന്നാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശത്തിന്  അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞത്. ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റത്തിനു ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും പ്രസക്തമായ എല്ലാ വശങ്ങളും പരിഗണിച്ചശേഷം മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയുള്ളുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ജൂലൈ 26നാണ് പശ്ചിമ ബംഗാള്‍ നിയമസഭ ഏകകണ്ഠമായ ഒരു പ്രമേയത്തിലൂടെ സംസ്ഥാനത്തിന്റെ പേര് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സംസാരഭാഷകളായ ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ 'ബംഗ്ലാ' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.2011ല്‍ 'പശ്ചിമ ബംഗാ' എന്നാക്കി പേര് മാറ്റണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് അത് തള്ളിക്കളയുകയാണുണ്ടായത്. 2016ല്‍ ഇംഗ്ലീഷില്‍ 'ബംഗാള്‍' എന്നും ബംഗാളിയില്‍ 'ബംഗ്ലാ' എന്നും ഹിന്ദിയില്‍ 'ബങ്കല്‍' എന്നും ആക്കണമെന്നുള്ള മറ്റൊരുനിര്‍ദ്ദേശം ഉയര്‍ന്നു. അതും നിരാകരിക്കപ്പെട്ടപ്പോഴാണ് 'ബംഗ്ലാ' എന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. നേരത്തെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുയര്‍ന്നപ്പോള്‍ 'ബംഗ്ലാ' എന്ന പേരിനു ബംഗ്ലാദേശുമായി സമാനതകളുണ്ടെന്നും അന്താരാഷ്ട്രവേദികളില്‍ രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്നത് പ്രയാസകരമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം അവ നിരാകരിച്ചത്.2019ലെ നിര്‍ദ്ദേശം വിദേശമന്ത്രാലയത്തിന്റെ  പരിഗണനയിലാണ്.സംസ്ഥാനങ്ങളുടെ പേരുകള്‍ അക്ഷര മാല ക്രമത്തില്‍ എഴുതുമ്പോള്‍ പശ്ചിമ ബംഗാളിന്റെ പേര് ഏറ്റവുമൊടുവില്‍ വരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പേര് മാറ്റുന്നതിന് പിന്നിലുള്ളത്.സംസ്ഥാനത്തിന്റെ പേര് 'ബംഗ്ലാ' എന്നാക്കി മാറ്റുന്നതിന് ആവശ്യമായതെല്ലാം ചെയ്യുന്നതിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സംസ്ഥാന ഗവണ്മെന്റിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റവുമൊടുവിലായി ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റിയത് 2011ലായിരുന്നു. ഒറീസ്സയുടെ പേര് ഒഡിഷ എന്നാക്കി മാറ്റി. 1995ല്‍ ബോംബെയുടെ പേര് മുംബൈ എന്നും 1996ല്‍ മദ്രാസിന്റെ പേര് ചെന്നൈ എന്നും 2001ല്‍ കല്‍ക്കട്ടയുടെ പേര് കൊല്‍ക്കത്ത എന്നുമാക്കി മാറ്റിയിരുന്നു. ബാംഗ്ലൂര്‍ എന്ന പേര് ബംഗളുരു ആയി മാറ്റിയതുള്‍പ്പടെ 2014ല്‍ കര്‍ണാടകത്തിലെ 11 നഗരങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്ര ഗവണ്മെന്റ് അനുമതി നല്‍കിയിരുന്നു.

Other News