ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോള്‍ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എം പി പോലും ഇല്ലാതിരുന്നതിനെയാണ് എ പി അബ്ദുല്‍ വഹാബ് എം പി വിമര്‍ശിച്ചത്.
ബി ജെ പി അംഗമായ കിരോഡിലാല്‍ മീനയായിരുന്നു സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെ സി പി എമ്മും ലീഗും അടക്കം എതിര്‍ത്തു. അബ്ദുല്‍ വഹാബ് എം പി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്ല് അവതരണത്തെ എതിര്‍ക്കുന്നതിനിടെ, ഒരു കോണ്‍ഗ്രസ് എം പി പോലും സഭയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എം പിയെ ചൊടിപ്പിച്ചത്. പ്രതികരണത്തിനിടെ കേരളത്തില്‍ കോണ്‍ഗ്രസും ലീഗും ഒരുമിച്ചാണെന്ന ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇതിന് ഞങ്ങള്‍ മാര്‍ക്സിസ്റ്റുകള്‍ക്കും എതിരാണെന്നായിരുന്നു അബ്ദുല്‍ വഹാബിന്റെ മറുപടി. പിന്നീട് കോണ്‍ഗ്രസിന്റെ കര്‍ണാടകയില്‍ നിന്നുള്ള എം പി ബില്ല് അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.