വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍, ഇന്ത്യയ്ക്കെതിരായ താരിഫുകള്‍ വന്‍ തോതില്‍ കുറയ്ക്കുമെന്ന് സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ ഇറക്കുമതി വിഷയത്തില്‍ നിലനിന്നിരുന്ന ഇരുരാജ്യങ്ങളുടെയും സംഘര്‍ഷം ഇതിലൂടെ ശമിക്കുമെന്ന പ്രതീക്ഷയും ഉണ്ട്.
അമേരിക്ക ഇന്ത്യയ്ക്കെതിരായി ചുമത്തിയ ഇറക്കുമതി നികുതി 50 ശതമാനത്തില്‍ നിന്ന് 15 മുതല്‍ 16 ശതമാനം വരെയായി കുറയ്ക്കാനുള്ള സാധ്യതയുണ്ട്. നവംബറില്‍ കരാര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. 'ഇന്ത്യയുമായി വളരെ നല്ലൊരു കരാര്‍ തയ്യാറാക്കുകയാണ്. ടാരിഫ് വളരെ കുറയും, അത് ഉടന്‍ സംഭവിക്കും' എന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ട്രംപ് പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും 2025 ശിശിരകാലത്തിനുള്ളില് വ്യാപാര കരാര്‍ ഒപ്പിടാനാണ് ലക്ഷ്യമിട്ടത്. ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഇനി അധിക റൗണ്ടുകള്‍ ആവശ്യമില്ലെന്നും ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയുടെ ഔദ്യോഗിക മറുപടി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ന്യൂഡല്‍ഹി. ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങള്‍ പാലിക്കുന്ന സമഗ്ര വ്യാപാര കരാറാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ തുടര്‍ന്ന് അമേരിക്ക ഇന്ത്യയ്ക്കെതിരേ 50 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങല്‍ ദേശീയ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നതാണ് ന്യൂഡല്‍ഹിയുടെ നിലപാട്.
വാണിജ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം, 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ ഇന്ത്യ-അമേരിക്ക വ്യാപാരം 11.8 ശതമാനം വളര്‍ന്ന് 71.41 ബില്യണ്‍ ഡോളറായി. കയറ്റുമതി 13.4 ശതമാനം ഉയര്‍ന്ന് 45.82 ബില്യണ്‍ ഡോളറായപ്പോള്‍, ഇറക്കുമതി 9 ശതമാനം ഉയര്‍ന്ന് 25.59 ബില്യണ്‍ ഡോളറായി.
ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇന്ിഷ്യേറ്റീവ് (GTRI) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി 37.5 ശതമാനം കുറഞ്ഞു. അതായത് 8.8 ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി 58 ശതമാനവും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 15.7 ശതമാനവും ഇടിഞ്ഞു.
ചെറിയ-ഇടത്തരം കയറ്റുമതിക്കാര്‍ക്ക് അടിയന്തര ധനസഹായം, പലിശ സബ്സിഡി, നികുതി റീഫണ്ട് വേഗത്തിലാക്കല്‍ തുടങ്ങിയ നടപടികള്‍ ആവശ്യമാണ് എന്ന് GTRI സഹസ്ഥാപകന്‍ അജയ് ശ്രീവാസ്തവ മുന്നറിയിപ്പ് നല്കി. 'വൈകിയാല്‍ വിയറ്റ്നാം, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ വിപണി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; ഇന്ത്യയ്ക്കെതിരായ തീരുവ ഗണ്യമായി കുറയ്ക്കും-സൂചന നല്കി ട്രംപ്
