സംസ്‌ക്കാരത്തെ വളച്ചൊടിക്കുന്ന ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതെങ്ങനെയെന്ന് ഉദ്ധവ് താക്കറെ


NOVEMBER 28, 2020, 6:08 AM IST

മുംബൈ: നാഗരികതയെയും സംസ്‌ക്കാരത്തേയും വളച്ചൊടിക്കുന്ന ബി ജെ പിയുമായി ഭാവിയില്‍ സഖ്യമുണ്ടാക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 

സംസ്‌ക്കാരത്തോടെയുള്ള പ്രതികരണങ്ങളാണ് തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാവുകയെന്നു പറഞ്ഞ മുഖ്യമന്ത്രി സംസ്‌ക്കാരവും വളച്ചുകെട്ടലുകളും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോഴെല്ലാം സംസ്‌ക്കാരത്തിന്റെ വശത്തിനാണ് വിജയമുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. 

ബി ജെ പി നിരന്തരമായി തന്റെ സര്‍ക്കാറിനെ കടന്നാക്രമിക്കുകയാണെന്നും അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. 

ഹിന്ദുത്വമല്ല വഞ്ചനയാണ് ബി ജെ പി പരിശീലിക്കുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരണം മുതല്‍ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടന്നതെന്നു പറഞ്ഞ ഉദ്ധവ് താക്കറെ തനിക്ക് ഭരണപരിചയമില്ലാത്തതും ഇത്തരമൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനവുമെല്ലാം തങ്ങളുടെ സര്‍ക്കാറിനെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നതായി അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശരദ് പവാര്‍, സോണിയാ ഗാന്ധി എന്നിവരോട് നന്ദി അറിയിച്ച ഉദ്ധവ് താക്കറെ തങ്ങളുടെ പരീക്ഷത്തെ ആളുകള്‍ സ്വാഗതം ചെയ്തുവെന്നും വിശദീകരിച്ചു. 

അധികാരത്തിന്റെ അര്‍ഥം എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്നു പറഞ്ഞ മുഖ്യമന്ത്രി താന്‍ സ്വയം തീരുമാനമെടുക്കുമ്പോഴും ടീം വര്‍ക്കിലാണ് വിശ്വസിക്കുന്നതെന്ന് അറിയിച്ചു. തന്റെ സഖ്യകക്ഷികള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തില്‍ വഴങ്ങുകയാണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അവര്‍ തന്റെ സഹപ്രവര്‍ത്തകരാണെന്നും അവരുടെ ഭാഗം കേള്‍ക്കുന്നത് സമ്മര്‍ദ്ദമല്ലെന്നും പറഞ്ഞ ഉദ്ധവ് താക്കറെ ഐ എ എസ് ഉദ്യോഗസ്ഥരാണ് തനിക്കു ചുറ്റുമെന്നുള്ള വിമര്‍ശനത്തേയും എടുത്തുപറഞ്ഞു. ഭരണത്തെ സഹായിക്കാനല്ലെങ്കില്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ പിന്നെന്തിനാണെന്ന ചോദ്യമാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. ഉദ്യോഗസ്ഥരെല്ലാം ആദ്യ ദിവസം മുതല്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി എന്ന നിലയിലും ശിവസേന മേധാവി എന്ന നിലയിലും ബി ജെ പിയുടെ ആക്രമണത്തിന് താന്‍ നിരന്തരം വിധേയനാവുകയാണെന്നു പറഞ്ഞ ഉദ്ധവ് താക്കറെ തന്റെ മകനും ഭാര്യയും മന്ത്രിമാരുമെല്ലാം ആക്രമിക്കപ്പെടുകയാണെന്നും വിശദീകരിച്ചു. 

വികല രാഷ്ട്രീയമല്ല തങ്ങള്‍ക്കുള്ളതെന്നു പറഞ്ഞ ഉദ്ധവ് താക്കറെ പ്രതിപക്ഷ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും പുത്രന്മാര്‍ക്കും ഭാര്യമാര്‍ക്കുമെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ മുതിര്‍ന്നിട്ടില്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യമിട്ടത് വ്യക്തിപരമായ പ്രശ്‌നങ്ങളിലല്ലെന്നും നയത്തിന്റെ പേരിലാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. സംസ്‌ക്കരിച്ച ഹിന്ദുത്വമാണ് തന്റേതെന്നും ബി ജെ പിയുടെ ഹിന്ദുത്വം വക്രതയുള്ളതാണെന്നും പറഞ്ഞ ഉദ്ധവ് താക്കറെ തന്റെ പിതാവിന്റേയും മുത്തച്ഛന്റേയും പാതയാണ് താന്‍ പിന്തുടരുന്നതെന്നും അറിയിച്ചു. 

കഴിഞ്ഞ 25 വര്‍ഷമായി ശിവസേന എങ്ങനെയാണ് ബി ജെ പിയുമായി സഖ്യത്തിലായതെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും മഹാവികാസ് അഗാഡി സഖ്യം തുടരുമെന്നു പറഞ്ഞ ഉദ്ധവ് താക്കറെ ഒരുമിച്ചു പോരാടുമെന്നും അറിയിച്ചു. 

മുംബൈയില്‍ നിന്നും ശിവസേനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബി ജെ പി മുംബൈയില്‍ ജയിക്കേണ്ടതുണ്ടെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. എത്ര സംസ്ഥാനങ്ങളില്‍ ബി ജെ പി ജയിച്ചാലും മുംബൈ നേടുകയെന്നത് അത്യാഗ്രഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. 

രണ്ടുമാസത്തിനകം ഉദ്ധവ് താക്കറെ സര്‍ക്കാര്‍ താഴെ വീഴുമെന്ന ബി ജെ പിയുടെ പ്രചാരണം അവരുടെ എം എല്‍ എമാരെ പ്രതീക്ഷയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ ഒരുമിച്ച് നിര്‍ത്താന്‍ ബി ജെ പിക്ക് ഇതല്ലാതെ മറ്റു വഴികളൊന്നുമില്ല. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കേണ്ടി വന്നതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേഗത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരികയും ചെയ്‌തെന്ന് വ്യക്തമാക്കിയ ഉദ്ധവ് താക്കറെ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതായും വിശദീകരിച്ചു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിലും ആശുപത്രികളുടെ ഇന്നത്തെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും മരുന്നുകളുടെ വിതരണം ഉറപ്പാക്കുന്നതിലും വിദഗ്ധരെ നിയമിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നെന്നും അടുത്ത ബജറ്റില്‍ ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും ഉദ്ധവ് താക്കറെ വിശദീകരിച്ചു. 

വിലക്കയറ്റ, വൈദ്യുതി ബില്ലുകളെ ചൊല്ലിയാണ് പ്രതിപക്ഷം സര്‍ക്കാറിനെ ലക്ഷ്യമിടുന്നത്. എന്നാല്‍ ബി ജെ പി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പോലെയല്ല ഇതെന്നും സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ മാറുന്ന കോവിഡ് പോലുള്ളവ പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞ ഉദ്ധവ് താക്കറെ അച്ചേ ദിന്‍ വാഗ്ദാനം പോലായിരിക്കില്ല തങ്ങളുടേതെന്നും വിശദീകരിച്ചു. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താമസിയാതെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Other News