ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാൽവിയ നഗറിലെ ഹൗസ് റാണി മേഖലയിലുള്ള അനധികൃത ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (ബി&ബി) കേന്ദ്രത്തിൽ 22 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് പിന്നിൽ ഗുരുതരമായ അശ്രദ്ധകളുടെ പരമ്പരയുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ. ഒരു കപ്പ് ചായ കുടിക്കാനായി അടുക്കള വിട്ടുപോയ പാചകക്കാരൻ ഓയിൽ ഫ്രയർ ഓഫ് ചെയ്യാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജൂൺ 4ന് ഉണ്ടായ തീപിടിത്തസമയത്ത് കെട്ടിടത്തിൽ പാചകക്കാരൻ കേശവ് നെഗി, ഒരു സഹായി, മാനേജർ രൂപേഷ് എന്നിവർ മാത്രമാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ആദ്യം ഷോർട്ട് സർക്യൂട്ടോ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയോ ആണെന്നായിരുന്നു സംശയം. എന്നാൽ ചോദ്യംചെയ്യലിൽ, എണ്ണ നിറച്ച ഫ്രയർ ഓൺ ചെയ്തശേഷം ചായ ഉണ്ടാക്കി കുടിക്കാൻ പോയതായും പിന്നീട് അത് മറന്നുപോയതായും കേശവ് നെഗി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഫ്രയറിലെ എണ്ണ അമിതമായി ചൂടായി സ്വയം തീപിടിക്കുകയും തുടർന്ന് മേൽക്കൂരയിലേക്കും സമീപത്തുണ്ടായിരുന്ന കടലാസ് പെട്ടികൾ ഉൾപ്പെടെയുള്ള എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളിലേക്കും തീ പടരുകയുമായിരുന്നു. തീ നിയന്ത്രണാതീതമായതോടെ പാചകക്കാരൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും അതിഥികളെ അറിയിക്കുകയോ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം.
തീപിടിത്തം ആരംഭിച്ചതിനും അഗ്‌നിരക്ഷാസേനയ്ക്ക് ആദ്യ സന്ദേശം ലഭിച്ചതിനും ഇടയിൽ ഏകദേശം 30 മിനിറ്റ് വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സമയോചിതമായി ആളുകളെ ഒഴിപ്പിക്കാനും അധികൃതരെ അറിയിക്കാനും കഴിഞ്ഞിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാനാകുമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.
അതേസമയം, കെട്ടിട നിർമാണത്തിലെ നിയമലംഘനങ്ങളും ദുരന്തത്തിന് കാരണമായതായി സംശയിക്കുന്നു. ആവശ്യമായ അനുമതികളില്ലാതെ നിർമ്മിച്ച കെട്ടിടത്തിൽ മരവും പ്ലാസ്റ്റിക്കും ഉപയോഗിച്ച അലങ്കാര സാമഗ്രികൾ തീ അതിവേഗം പടരാൻ കാരണമായെന്നാണ് പ്രാഥമിക കണ്ടെത്തൽ. കെട്ടിടത്തിലേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമുള്ള ഏക വഴിയിൽ പുകയും ചൂടും നിറഞ്ഞതോടെ നിരവധി പേർ ഉള്ളിൽ അകപ്പെട്ടതായും അന്വേഷണസംഘം കരുതുന്നു.
സംഭവത്തിൽ ബി&ബി മാനേജരെയും പാചകക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ അടുത്ത സഹപ്രവർത്തകനും അക്കൗണ്ടന്റുമായ ജയ്മിശ്ര കോടതിയിൽ കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. തീ അതിവേഗം പടർന്നതിന്റെ സാങ്കേതിക കാരണങ്ങൾ പരിശോധിക്കാൻ ഐഐടി ഡൽഹിയുടെ സഹായവും തേടാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ഒരു കപ്പ് ചായ, അണയാതെ കത്തിയ ഫ്രയർ; 22 ജീവനുകൾ കവർന്ന ഡൽഹി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
