നടന്‍ ധര്‍മേന്ദ്രയെ മുംബൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; വീട്ടില്‍ ചികിത്സ തുടരും

നടന്‍ ധര്‍മേന്ദ്രയെ മുംബൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; വീട്ടില്‍ ചികിത്സ തുടരും


മുംബൈ: പ്രശസ്ത നടന്‍ ധര്‍മേന്ദ്രയെ ബുധനാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുടുംബം അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വീട്ടില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതായി ചികിത്സിക്കുന്ന ഡോ. പ്രതിത് സമ്ദാനി പിറ്റിഐയോട് പറഞ്ഞു.
89 വയസ്സുള്ള ധര്‍മേന്ദ്ര കഴിഞ്ഞ ചില ആഴ്ചകളായി ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിച്ചുവരികയായിരുന്നു. 'ധര്‍മേന്ദ്രജിയെ രാവിലെ 7.30ഓടെ ഡിസ്ചാര്‍ജ് ചെയ്തു. കുടുംബം വീട്ടില്‍ ചികിത്സ തുടരാനാണ് തീരുമാനിച്ചത്,' ഡോ. സമ്ദാനി പറഞ്ഞു.

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശത്രുഘ്‌ന സിന്ഹ, തന്റെ പഴയ സുഹൃത്തായ ധര്‍മേന്ദ്രയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. 'ധര്‍മേന്ദ്രജിക്ക് ആരോഗ്യമുള്ള ദീര്‍ഘായുസ് നേരുന്നു. മൂന്നു തലമുറകളായി ദിയോള്‍ കുടുംബം സിനിമയില്‍ സജീവമെന്നത് അഭിമാനകരമാണ് എന്ന് ശത്രുഹ്നന്‍സിന്‍ഹ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം നടന്‍ ആമിര്‍ ഖാന്‍  ധര്‍മേന്ദ്രയെ കാണാന്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം പങ്കാളി ഗൗരി സ്പ്രാറ്റും ഉണ്ടായിരുന്നു.

നടി ദിവ്യ ദത്തയും ധര്‍മേന്ദ്ര വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. മുംബൈയിലെ ട്രാഫിക്കില്‍ കുടുങ്ങിയിരിക്കെ ധര്‍മേന്ദ്രയുടെ പ്രശസ്ത ഗാനം ''പല്‍ പല്‍ ദില്‍ കേ പാസ്' പിന്നണിയില്‍ കേള്‍ക്കുന്ന ഒരു വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'മുംബൈയുടെ ആത്മാവ് - തിരക്കിനിടയിലും സ്‌നേഹനിമിഷങ്ങള്‍ നിറഞ്ഞ നഗരം,' എന്ന് അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

മാതാവ് ഹേമാമാലിനിയുടെ ജീവചരിത്രം രേഖപ്പെടുത്തിയ 'ബിയോണ്ട് ദ ഡ്രീം ഗേള്‍' എന്ന പുസ്തകത്തില്‍ ഇഷാ ദിയോള്‍, ധര്‍മേന്ദ്രയുടെ കുടുംബവീട്ടിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് അവള്‍ ധര്‍മേന്ദ്രയുടെ സഹോദരനും അഭിനേതാവുമായ അജിത് ദിയോളിനെ കാണാനാണ് പോയത്. സന്ദര്‍ശന സമയത്ത് അവര്‍ പിതാവിന്റെ ആദ്യ ഭാര്യയും തന്റെ വളര്‍ത്തമ്മയുമായ പ്രകാശ് കൗറിനെ കണ്ടു. 'ഞാന്‍ അവരുടെ കാല്‍ തൊട്ടുവന്ദിച്ചുവെന്നും, അവര്‍ തന്നെ അനുഗ്രഹിച്ചുവെന്നും ഇഷാ എഴുതിയിരുന്നു.

ധര്‍മേന്ദ്രയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയില്‍ നിരവധി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആശങ്കയും സ്‌നേഹവും പ്രകടിപ്പിച്ചു. പ്രിയ താരം വേഗം സുഖം പ്രാപിക്കട്ടെയെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു.