കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍


JUNE 5, 2019, 12:56 PM IST


ജയ്പുര്‍: കുടിവെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ വിലയാണ് രാജസ്ഥാനിലെ പരസ്രംപുര ഗ്രാമത്തിലെ ജനങ്ങള്‍ക്ക്. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ ആഴ്ചയിലൊരിക്കല്‍ റേഷന്‍ പോലെയാണ് വെള്ളം കിട്ടുന്നത്. അതാകട്ടെ സൂക്ഷിച്ചു പൂട്ടിവെച്ചില്ലെങ്കില്‍ കള്ളന്മാര്‍ കൊണ്ടുപോകുന്ന അവസ്ഥയുമാണ്.

ഏറ്റവും കൂടുതല്‍ പൂട്ടുകള്‍ വിറ്റുപോകുന്ന നാടായി മാറിയിരിക്കുകയാണ് രസ്രംപുര ഗ്രാമം. തൊണ്ട നനയ്ക്കാനുള്ള വെള്ളമാണ് ഇവര്‍ ടാങ്കുകളിലാക്കി പൂട്ടിട്ട് വെക്കുന്നത്.

10 ദിവസം കൂടുമ്പോള്‍ ഒരു ടാങ്ക് വെള്ളമാണ് ഇവര്‍ക്ക് ലഭിക്കുക.

വെള്ളത്തിന് കടുത്ത ക്ഷാമമായതിനാല്‍ വീടുകളില്‍ നിന്ന് വെള്ളം മോഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത്  ഒഴിവാക്കാനാണ് ടാങ്കുകളില്‍ നിറച്ച വെള്ളം ചങ്ങലയിട്ട് പൂട്ടിവെയ്ക്കുന്നത്. കണ്ണ്‌തെറ്റിയാല്‍ വെള്ളം കള്ളന്‍ കൊണ്ടുപോകും. ചില വീടുകളില്‍ ഒരാള്‍ അതിന് കാവല്‍ നില്‍ക്കും.

ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ് പരസ്രംപുര ഗ്രാമം. ഈ ഗ്രാമത്തിന് സമീപമായിട്ട് അവരുടെ ഖനന മേഖലയുണ്ട്. അവരോട് സംസാരിച്ചിട്ടുണ്ടെന്നും ഇങ്ങോട്ടേക്ക് കൂടുതല്‍ വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു.


Other News