ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കെന്ന് ഇന്നറിയാം, വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കെന്ന് ഇന്നറിയാം, വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും


ന്യൂഡല്‍ഹി: 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) വ്യക്തമായ മേല്‍ക്കോയ്മ ലഭിക്കുമെന്ന സൂചനകളാണ് ഇതുവരെയുള്ളത്.

 നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും അടങ്ങുന്ന സഖ്യം പ്രതിപക്ഷ മഹാഗഠ്ബന്ധനെ (ആര്‍ജെഡി-കോണ്‍ഗ്രസ്) മറികടന്ന് ആശ്വാസകരമായ ഭൂരിപക്ഷത്തിലേക്ക് മുന്നേറുമെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനം.

എന്‍ഡിടിവിയുടെ 'പോള്‍ ഓഫ് എക്‌സിറ്റ് പോള്‌സ്' റിപ്പോര്‍ട്ട് പ്രകാരം 243 സീറ്റുകളില്‍ 146 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു - ഭൂരിപക്ഷത്തിനായി ആവശ്യമായ 122 സീറ്റിനെക്കാള്‍ 24 എണ്ണം അധികം. മഹാഗഠ്ബന്ധനത്തിന് 92 സീറ്റുകള്‍ മാത്രമെന്നാണ് കണക്കുകള്‍. കഴിഞ്ഞ തവണ ഇവര്‍ നേടിയ 110 സീറ്റിനേക്കാള്‍ വലിയ ഇടിവ്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നയിക്കുന്ന ജനസുരാജ് പാര്‍ട്ടി ഒരു സീറ്റ് മാത്രം നേടാനിടയുള്ളതായാണ് വിലയിരുത്തല്‍.

13 എക്‌സിറ്റ് പോളുകളും ബിജെപി-ജെ ഡി യു സഖ്യത്തിന് അനുകൂലമാണ്. 'ടുഡേസ് ചാണക്യ'യും CNX-ഉം സഖ്യം 150ല്‍പ്പരം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. മറുവശത്ത് ആക്‌സിസ് മൈ ഇന്ത്യ മാത്രം മത്സരം കടുപ്പമാണെന്ന് എന്ന് സൂചിപ്പിക്കുന്നു-എന്നാല്‍ അവരും എന്‍ഡിഎയെയാണ് വിജയിയായി കാണുന്നത്.

ചില എക്‌സിറ്റ് പോളുകള്‍ കൗതുകകരമായ ചിത്രങ്ങളാണ് നല്‍കുന്നത്. ബിജെപി-ജെഡിയു സഖ്യം ജയിച്ചാലും നിതീഷ് കുമാറിനേക്കാള്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിലര്‍ ഇഷ്ടപ്പെടുന്നുവെന്നാണ് Peoples Pulse നടത്തിയ സര്‍വേ പറയുന്നത്.

മറ്റൊരു പ്രവചനത്തില്‍ ജെഡിയു ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും സഖ്യത്തിനുള്ളിലെ ശക്തികേന്ദ്രം വീണ്ടും മാറുകയും ചെയ്യുമെന്നുമാണ് പറയുന്നത്. 2020ല്‍ ബിജെപി 'ബിഗ് ബ്രദര്‍' ആയിരുന്നു; ഇത്തവണ അവസ്ഥ മറിച്ചാകാന്‍ സാധ്യതയുണ്ടെന്നാണ് Mtarize പറയുന്നത്.

ബിജെപി, ആര്‍ജെഡിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷി പാര്‍ട്ടിയായി ഉയരാനും സാധ്യത. 2020ല്‍ ആര്‍ജെഡി 75 സീറ്റും ബിജെപി 74 സീറ്റും നേടിയിരുന്നു. ഈ സമയം 67-70 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര്‍ജെഡിക്ക് 56-69 സീറ്റുകള്‍ മാത്രമെന്നും എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ വോട്ടും യാദവരുടെ വോട്ടും പഴയ രീതിയില്‍ തന്നെ. ആക്‌സിസ് മൈ ഇന്ത്യ പ്രകാരം 45 ശതമാനം സ്ത്രീകളും 90 ശതമാനം യാദവരും തങ്ങളുടേതായ സഖ്യങ്ങളെ പിന്തുണച്ചു. മുസ്ലിം വോട്ടിന്റെ ഭൂരിഭാഗവും  80 ശതമാനത്തിനടുത്ത് - മഹാഗഠ്ബന്ധന് ലഭിക്കുമെന്നാണ് കണക്കുകള്‍.

നവംബര്‍ 6, 11 തീയതികളിലായാണ് രണ്ട് ഘട്ടങ്ങളിലായി ബിഹാര്‍ വോട്ടെടുപ്പ് നടന്നത്. പ്രശാന്ത് കിഷോര്‍, അസദുദ്ദീന്‍ ഒവൈസി, തേജസ്വി-തേജപ്രതാപ് സഹോദരവൈര്യം തുടങ്ങിയ ഉപകഥകളും ഈ തിരഞ്ഞെടുപ്പ് ചൂടേറിയതാക്കി.

ഉയര്‍ന്ന വോട്ടെടുപ്പ്: ആശങ്കയും പ്രതീക്ഷയും

67 ശതമാനത്തോളം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. ഉയര്‍ന്ന പോളിംങ് സാധാരണയായി ഭരണകക്ഷിക്ക് തിരിച്ചടിയാകുമെന്ന 'ബിഹാര്‍ തത്ത്വചിന്ത' ഇവിടെ വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മുമ്പ് വോട്ടെടുപ്പ് അഞ്ചുശതമാനം കൂടിയപ്പോള്‍ മൂന്ന് സര്‍ക്കാരുകള്‍ വീണിട്ടുണ്ട് എന്നതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തീവ്രത കൂട്ടുന്നു.

എന്നാല്‍ എന്‍ഡിഎ അതൊന്നും പരിഗണിക്കുന്നില്ല. 500 കിലോ ലഡ്ഡൂ, അഞ്ചുലക്ഷം രസഗുള, ഗുലാബ്ജാമുന്‍ എന്നിവ ഓര്‍ഡര്‍ ചെയ്തതില്‍ നിന്നു തന്നെ അവരുടെ ആത്മവിശ്വാസം വ്യക്തമാണ്. മറുവശത്ത് തേജസ്വി യാദവ് ഉയര്‍ന്ന വോട്ടെടുപ്പ് 'മാറ്റത്തിനുള്ള വോട്ട് ' ആണെന്ന് അവകാശപ്പെടുകയും മഹാഗഠ്ബന്ധന്‍ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, ബിഹാറിന്റെ രാഷ്ട്രീയ ഭാവി ഏതുസമയത്തും നിര്‍ണ്ണയിക്കപ്പെട്ടേക്കും.