ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ദിവസങ്ങളായി തുടരുന്ന റദ്ദാക്കലുകളും വൈകലുകളും യാത്രക്കാരെ വലയ്ക്കുന്നതിനിടയില്‍, പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതില്‍ വലിയ മുന്നേറ്റം ഉണ്ടാകുന്നു എന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ഞായറാഴ്ച (ഡിസം. 7) 1650ത്തിലധികം സര്‍വീസുകള്‍ നടത്താനായതായും, ഇന്നലെ നടന്ന ഏകദേശം 1500 സര്‍വീസുകളെ അപേക്ഷിച്ച് ഇത് ഗണ്യമായ മുന്നേറ്റമാണെന്നും കമ്പനി അറിയിച്ചു.
റദ്ദാക്കല്‍ എണ്ണം ഇന്നലെക്കാള്‍ കുറഞ്ഞതായിട്ടാണ് രേഖപ്പെടുത്തിയത്. ഇന്നലൈ 1600ഓളം സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ ഇന്ന് അത് 500 ആയി ചുരുങ്ങി. പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിന്റെ ഭാഗമായി മുന്‍കൂറായി റദ്ദാക്കലുകള്‍ അറിയിക്കാന്‍ കഴിഞ്ഞത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് കുറയാന്‍ സഹായിച്ചുവെന്നും ഇന്‍ഡിഗോ പ്രസ്താവിച്ചു.
ഓണ്‍ടൈം പെര്‍ഫോര്‍മന്‍സില്‍ കമ്പനിക്ക് വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കിയ ഇന്‍ഡിഗോ, ഇന്നത്തെ 75 ശതമാനം സമയാനുസൃത പ്രവര്‍ത്തനം ഇന്നലെയുണ്ടായ 30 ശതമാനത്തെ അപേക്ഷിച്ച് വന്‍ പുരോഗതിയാണെന്നും കൂട്ടിച്ചേര്‍ത്തു.
'പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കുന്നതിനായി ഞങ്ങളുടെ ടീമുകള്‍ അധ്വാനിക്കുകയാണ്. ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുക തന്നെയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,' എന്നായിരുന്നു ഇന്‍ഡിഗോയുടെ വിശദീകരണം. നേരിട്ടും പരോക്ഷമായും ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ടും ലഗ്ഗേജ് നടപടികളും പൂര്‍ണ്ണമായും സജ്ജമായിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
ഡിസംബര്‍ 10നകം നെറ്റ്‌വര്‍ക്കില്‍ സ്ഥിരത കൈവരിക്കാമെന്നുമുള്ള ആത്മവിശ്വാസം ഇന്‍ഡിഗോ പ്രകടിപ്പിച്ചു.
ഉപഭോക്താക്കള്‍ക്ക് സംഭ്രമം സൃഷ്ടിച്ച അസൗകര്യങ്ങള്‍ക്ക് കമ്പനി ക്ഷമ ചോദിക്കുകയും, ജീവനക്കാരുടെയും പങ്കാളികളുടെയും പിന്തുണയ്്ക്കും യാത്രക്കാരുടെ സഹനത്തിനും നന്ദിപറയുകയും ചെയ്തു.
അതേസമയം, ഡല്‍ഹി വിമാനത്താവളം പുറത്തിറക്കിയ മുന്നറിയിപ്പില്‍, ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് ഇപ്പോഴും ചില വൈകല്യങ്ങള്‍ അനുഭവപ്പെടാമെന്നും യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
