തുര്‍ക്കിയ്ക്ക് പിന്തുണ;  ഇമ്രാന്റെ ഇരട്ടത്താപ്പിനെതിരെ ലോകം


OCTOBER 14, 2019, 5:12 PM IST

ലാഹോര്‍: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കി പാക്കിസ്ഥാന്‍. ഇത് സംബന്ധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗനുമായി സംസാരിച്ചെന്നും എക്കാലത്തേയും പോലെ തുര്‍ക്കിയ്‌ക്കൊപ്പം എന്തുസഹായത്തിനും രാജ്യമുണ്ടാകുമെന്ന് അറിയിച്ചതായും പാക് സര്‍ക്കാറിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു. നേരത്തെയും നിരവധി സന്ദര്‍ഭങ്ങളില്‍ തുര്‍ക്കിയുടെ നടപടികളെ പാക്കിസ്ഥാന്‍ പിന്തുണച്ചിരുന്നു. തുര്‍ക്കി നേരിടുന്ന തീവ്രവാദ ഭീഷണിയുടെ ആഴം പാക്കിസ്ഥാനറിയുന്നതാണെന്നും ഏതാണ്ട് 40,000 പേരാണ് തീവ്രവാദികളാല്‍ അവിടെ കൊല്ലപ്പെട്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

സിറിയയിലെ കുര്‍ദ് വംശജരായ ഇസ്ലാം മതവിശ്വാസികളെ അക്രമിക്കുന്ന തുര്‍ക്കിയുടെ നിലപാടിന് പിന്തുണ നല്‍കുമ്പോള്‍ തന്നെ സ്വന്തം പ്രവിശ്യയില്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെപറ്റി ഇമ്രാന്‍ ഖാന്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര വേദികളില്‍ കശ്മീരില്‍ ഇന്ത്യ കടന്നുകയറുകയാണെന്ന് ആക്ഷേപിച്ചതിനെ തുര്‍ന്നാണ് ഇത്തരത്തിലുള്ള വിമര്‍ശനമുണ്ടായത്. ഇസ്ലാമോഫോബിയയെ നേരിടാന്‍ യു.എന്നില്‍ മലേഷ്യ,തുര്‍ക്കി എന്നീ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാനും അതിന്റെ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കാനും ഇമ്രാന്‍ ഖാന്‍ ശ്രമിച്ചിരുന്നു. 

ഇമ്രാന്‍ ഖാന്‍ തുര്‍ക്കി അക്രമത്തെ പിന്തുണച്ചതോടു കൂടി അദ്ദേഹത്തിന്റെ ഈ റോളിനെക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. ലോകമെമ്പാടുമുള്ള മുസ്ലിംവിശ്വാസി സമൂഹത്തില്‍ നിന്നുതന്നെ ഇമ്രാനെതിരെ രോഷം പുകയുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. നേരത്തെ വടക്കുകിഴക്കന്‍ സിറിയയില്‍ കുര്‍ദ് പോരാളികളെ ലക്ഷ്യമിട്ട് അതിശക്തമായ സൈനിക നടപടി തുടരുന്ന തുര്‍ക്കിക്കെതിരെ സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക താക്കീത് നല്‍കിയിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ ധനകാര്യ സെക്രട്ടറി സ്റ്റീവന്‍ മനൂച്ചിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.കടുത്ത ഉപരോധ നടപടികള്‍ക്കാണ് അമേരിക്ക ഒരുങ്ങുന്നത്.തുര്‍ക്കിയുടെ സാമ്പത്തികരംഗം നിശ്ചലമാക്കാന്‍ ഇടയാക്കുന്ന ഉപരോധത്തിനാണ് ഒരുങ്ങുന്നത്.അത് പ്രയോഗിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളതെന്നും മനൂച്ചിന്‍ വൈറ്റ്ഹൗസില്‍ വ്യക്തമാക്കി.ഉപരോധം വിളിച്ചുവരുത്തണോ എന്നു തീരുമാനിക്കേണ്ടത് തുര്‍ക്കിയാണ്.

എത്രയും വേഗം തുര്‍ക്കി ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെര്‍ ആവശ്യപ്പെട്ടു.തുര്‍ക്കിയുടെ പ്രതിരോധമന്ത്രി ഹുലൂസി അകാറിനെ ഫോണില്‍ വിളിച്ചാണ് എസ്‌പെര്‍ നേരിട്ട് ആവശ്യമുന്നയിക്കുകയായിരുന്നു.തുര്‍ക്കിയുടെ സൈനിക നടപടി ഐ എസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും അമേരിക്കന്‍ സൈനികരുടെ ഉള്‍പ്പെടെ സുരക്ഷയ്ക്ക് അത് ഭീഷണിയാകുമെന്നും എസ്‌പെര്‍ വ്യക്തമാക്കി.ആക്രമണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതം തുര്‍ക്കിക്ക് നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. ഈ പശ്ചാത്തലത്തിലാണ് തുര്‍ക്കിയ്ക്ക് പിന്തുണയുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.

Other News