യോഗിക്കെതിരായ വീഡിയോ: മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു


JUNE 10, 2019, 3:34 PM IST

ലഖ്‌നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഭാര്യ സുപ്രീം കോടതില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച്് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം സമാന സംഭവത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസ് തിങ്കളാഴ്ച ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടെ സംഭവത്തില്‍ ആകെ നാലുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രശാന്ത് കനോജിയയെ നോയിഡ സിറ്റി മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രശാന്തിന്റെ അറസ്റ്റ് നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന നടപടിയാണെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അപലപിച്ചു. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോയാണ് പ്രശാന്ത് കനോജിയയും മറ്റു ചില മാധ്യമ പ്രവര്‍ത്തകരും പ്രചരിപ്പിച്ചത്.

Other News