ചുമതല പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ സിഇഒയ്ക്ക് ഡിജിസിഎ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി

ചുമതല പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ സിഇഒയ്ക്ക് ഡിജിസിഎ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി


ന്യൂഡല്‍ഹി: രാജ്യത്തെ വിമാനയാന മേഖലയെ പിടിച്ചുകുലുക്കിയ ഇന്‍ഡിഗോയുടെ വമ്പന്‍ പ്രവര്‍ത്തന തകരാറിനെ തുടര്‍ന്ന് എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്‌സിന് ഡിജിസിഎ ഷോ-കോസ് നോട്ടീസ് നല്‍കി. ആയിരത്തോളം സര്‍വീസുകള്‍ ഒരു ദിവസം തന്നെ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരെ രാജ്യത്ത് മുഴുവന്‍ കുടുങ്ങിക്കിടക്കാന്‍ നിര്‍ബന്ധിതരാക്കിയ പ്രതിസന്ധിക്ക് നേരിട്ട് ഉത്തരവാദിത്വം സിഇഒക്കാണെന്ന് നോട്ടീസ് വ്യക്തമാക്കുന്നു.

പൈലറ്റുമാര്‍ക്കുള്ള പരിഷ്‌കരിച്ച ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (FDTL) നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് മാസങ്ങളോളം മുന്‍കൂട്ടി അറിയിച്ചിട്ടും, അതിനുള്ള തയ്യാറെടുപ്പില്‍ എയര്‍ലൈന്‍സ് പരാജയപ്പെട്ടു എന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ച പ്രധാന കാരണം. ക്രൂ കുറവ്, ഷെഡ്യൂള്‍ തകര്‍ച്ച, നിരവധിയായ റദ്ദാക്കലുകളും വൈകല്യങ്ങളും 138 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ തുടര്‍ച്ചയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.

എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937 ലെ റൂള്‍ 42A ഉള്‍പ്പെടെ നിരവധി വ്യോമയാന ചട്ടങ്ങളും, സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്‌സ് (CARs) പ്രകാരമുള്ള ഡ്യൂട്ടി, വിശ്രമ മാനദണ്ഡങ്ങളും ഇന്‍ഡിഗോ പാലിച്ചില്ലെന്ന് നോട്ടീസില്‍ പറയുന്നു. റദ്ദാക്കലുകളുടെയും വൈകല്യങ്ങളുടെയും സമയത്ത് യാത്രക്കാര്‍ക്ക് നല്‍കേണ്ട വിവരങ്ങളും സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലും എയര്‍ലൈന്‍സ് പരാജയപ്പെട്ടെന്നാണ് ആരോപണം.

'എയര്‍ലൈന്റെ കാര്യക്ഷമ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് സിഇഒയായ താങ്കളുടെ ഉത്തരവാദിത്തമാണ്. വിശ്വസനീയമായ ഓപറേഷനുകള്‍ക്കും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ക്കും വേണ്ട തയ്യാറെടുപ്പുകള്‍ ഉറപ്പാക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടു,' എന്ന് നോട്ടീസ് വ്യക്തമാക്കുന്നു.

24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് സിഇഒയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, മറുപടി ലഭിക്കാത്ത പക്ഷം ഏകപക്ഷീയമായി നടപടികള്‍ ആരംഭിക്കാമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ വിമാനക്കമ്പനിക്കെതിരെ സാമ്പത്തിക പിഴ മുതല്‍ പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ വരെ ഏര്‍പ്പെടുത്താനുള്ള സാഹചര്യമാണ് തുറന്നിട്ടുള്ളത്.