ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്: സംസ്ഥാനത്തെ 30 പ്രദേശവും സുരക്ഷിതമല്ല 


AUGUST 13, 2019, 2:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 14.4 ശതമാനം സ്ഥലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടലിനു സാദ്ധ്യതയുള്ളതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. അത്രതന്നെ പ്രദേശം പ്രളയസാദ്ധ്യതയുള്ളതുമാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനുശേഷം 1943 സ്ഥലങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഭൂപടങ്ങള്‍ വ്യക്തമാക്കുന്നത് 5607.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടലിനു സാദ്ധ്യതയുള്ളതാണെന്നാണ്. 14 ജില്ലകളിലായി ആകെ 5624.1 ച. കി മീ പ്രദേശത്താണ് പ്രളയസാദ്ധ്യത. ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ 1848.3 ച. കി മീ  പ്രദേശവും അതിതീവ്ര അപകടസാദ്ധ്യതയുള്ളതാണ്. മിതമായ തോതില്‍ അപകടസാധ്യതയുള്ളത് 3759.2 ച. കി മീ മേഖല. ഇതില്‍ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ അപകടസാദ്ധ്യത.

നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചില്‍, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പന്‍ചോല (ഇടുക്കി), ചിറ്റൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്), നിലമ്പൂര്‍, ഏറനാട് (മലപ്പുറം), തളിപ്പറമ്പ്  (കണ്ണൂര്‍) താലൂക്കുകളിലാണ് കൂടുതല്‍ അപകട സാദ്ധ്യത. ഇതിനു പുറമേ 25 താലൂക്കുകളും സാദ്ധ്യതാ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലെ മണ്ണ് പൂര്‍ണമായി ഉറയ്ക്കാത്തതിനാല്‍ ഇത്തവണ അപകടസാധ്യത കൂടുതലായിരുന്നു. 

ചെറുതും വലുതുമായ 5000 ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കുഴലീകൃത മണ്ണൊലിപ്പ് (സോയില്‍ പൈപ്പിങ്) സംഭവങ്ങള്‍ കഴിഞ്ഞ പ്രളയകാലത്തുണ്ടായി എന്നാണ് കണക്ക്. ഇത്തവണ രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി എണ്‍പതോളം പ്രദേശത്ത് ഉരുള്‍പൊട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ആസൂത്രണരേഖ പ്രകാരം ഏതു നിമിഷവും ഉരുള്‍പൊട്ടലിനു സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കവളപ്പാറ. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ (ജി എസ്‌ ഐ) റിപ്പോര്‍ട്ടില്‍ അപകടകരമായ ഉരുള്‍പൊട്ടലിന് സാദ്ധ്യതയുള്ള മേഖലകളിലൊന്ന് വയനാട്ടിലെ മേപ്പാടിയായിരുന്നു. അതിനു സമീപമാണ് പുത്തുമല.

കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളക്കെട്ട് മണിക്കൂറുകള്‍ക്കകം ഒഴിയുകയും ചെയ്‌തു. കൊല്ലത്തും കാസര്‍കോഡും കാര്യമായ കുഴപ്പമുണ്ടായില്ല. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ തിരുവനന്തപുരവും കൊല്ലവും കാസര്‍കോഡും  വെള്ളപ്പൊക്ക സാദ്ധ്യതാ ജില്ലകളാണ്.

Other News