കേസില്‍ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ വാദം അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമെന്ന് മുഖ്യമന്ത്രി

കേസില്‍ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ വാദം അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമെന്ന് മുഖ്യമന്ത്രി


കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നു എന്ന നടന്‍ ദിലീപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണ്. ഈ വിഷയത്തില്‍ ദിലീപ് സര്‍ക്കാരിന് ഒരു നിവേദനവും നല്‍കിയിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം മുന്നോട്ട് പോയത്. ഇത് ഗൂഢാലോചനയുടെ ഭാഗമായി കാണാന്‍ സാധിക്കില്ല. പൊലീസിനെതിരെയുള്ള ദിലീപിന്റെ പ്രസ്താവന എന്തുകൊണ്ടെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണ് നിന്നതെന്നും ആ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നല്‍കുന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതു തുടരും.' പ്രോസിക്യൂഷന്‍ മികച്ച രീതിയില്‍ കേസ് കൈകാര്യം ചെയ്തതായി പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

കേസിന്റെ വിധിക്ക് ശേഷം അപ്പീല്‍ നല്‍കുന്നതിനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം വിചിത്രമാണ്. യുഡിഎഫ് കണ്‍വീനര്‍ ഈ പ്രസ്താവനയ്ക്ക് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയമാണ്. കോടതി വിധി എന്താണെന്ന് കണ്ട ശേഷം, നിയമപരമായ പരിശോധന നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും, അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.