കൊച്ചി: സാധാരണ വേഷത്തില്‍ പോലീസ് സ്റ്റേഷന് പരിശോധനക്കെത്തിയ വനിത ഡിസിപിയെ കവാടത്തില്‍ തടഞ്ഞ പോലീസുകാരിക്ക് ട്രാഫിക്കിലേക്ക് ഡ്യൂട്ടിമാറ്റി ശിക്ഷിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരിലും പ്രതിഷേധം. അടുത്തിടെ പുതുതായി നിയമനം കിട്ടി ഡിസിപിയായി കൊച്ചിയിലെത്തിയ ഉത്തരേന്ത്യന്‍ സ്വദേശി വനിത ഐപിഎസുകാരി ഐശ്വര്യ ഡോങ്റെയാണ് എറണാകുളം നോര്‍ത്ത് വനിത പോലീസ് സ്റ്റേഷനിലെ പാറാവുകാരിക്കെതിരെ തന്നെ തിരിച്ചറിയാതെ തടഞ്ഞുനിര്‍ത്തി എന്നാരോപിച്ച് ശിക്ഷാ നടപടി കൈക്കൊണ്ടത്.
എന്നാല്‍ പുതിയ ഉദ്യോഗസ്ഥ ആയതിനാലും യൂണിഫോണില്‍ അല്ലാതിരുന്നതിനാലുമാണ് ഓഫീസര്‍ ആണെന്നതറിയാതെ പോലീസ് സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞതെന്നാണ് പാറാവുകാരിയുടെ വിശദീകരണം. എന്നാല്‍ പാറാവ് ജോലി വളരെ ശ്രദ്ധ വേണ്ടതാണെന്നും പോലീസ് വാഹനത്തില്‍ വന്ന തന്നെ അറിയാതിരുന്നത് ജോലിയിലുള്ള ജാഗ്രതക്കുറവുമൂലമാണെന്നും പറഞ്ഞാണ് ഡിസിപി തന്റെ നടപടിയെ ന്യായീകരിക്കുന്നത്.
എന്നാല്‍ പുതിയതായി നിയമനം കിട്ടിയ മേലുദ്യോഗസ്ഥയെ മുന്‍പരിചയമില്ലാത്തതിനാല്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്ന ചോദ്യവും പോലീസിനിടയില്‍ ഉയരുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് വിവരങ്ങള്‍ ആരായേണ്ടതുമുണ്ട് എന്നതും തടയാന്‍ കാരണമായി.
കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാര്‍ പറയുന്നു.