രാഹുല്‍ മാങ്കൂട്ടം കര്‍ണാടകയിലേക്ക് കടന്നതായി സംശയം; ഒളിവ് ആറാം ദിവസം; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതിയും

രാഹുല്‍ മാങ്കൂട്ടം കര്‍ണാടകയിലേക്ക് കടന്നതായി സംശയം; ഒളിവ് ആറാം ദിവസം; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതിയും


പാലക്കാട്: ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചില്‍ ആറാം ദിവസവും തുടരുന്നു. അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ കാറുകളും സിം കാര്‍ഡുകളും മാറിമാറി ഉപയോഗിച്ച് മൂന്ന് സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. നിലവില്‍ രാഹുല്‍ കര്‍ണാടകയില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ ഒളിച്ചുകളി തുടരുന്നത്.

തിങ്കളാഴ്ച തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ രാഹുല്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അവിടെ എത്തിയത്. എന്നാല്‍ പൊലീസ് സമീപിക്കുന്ന വിവരം അറിഞ്ഞതോടെ രാഹുല്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞതായാണ് വിവരം. ഹോസൂര്‍ മേഖലക്കടുത്തുള്ള ബാഗലൂരില്‍ (തമിഴ്‌നാട്) തിങ്കള്‍ രാവിലെ വരെ രാഹുല്‍ താമസിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റിസോര്‍ട്ടിനെ അനുസ്മരിപ്പിക്കുന്ന ഒരു താമസസ്ഥലത്തായിരുന്നുവെന്നാണ് കണ്ടെത്തല്‍. രാവിലെ ഒന്‍പത് മണിയോടെ തന്നെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘം ഉച്ചയോടെയാണ് സ്ഥലത്തെത്തിയത്.

തുടക്കത്തില്‍ ചുവന്ന പോളോ കാറിലാണ് രാഹുല്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മറ്റൊരു കാറില്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ വഴി ബാഗലൂരിലേക്കാണ് പോയത്. പാലക്കാട്ട് നിന്ന് പോയ കാര്‍ ഒരു യുവനടിയുടേതാണെന്നും ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നും പൊലീസ് വ്യക്തമാക്കി. രാഹുലിന് രക്ഷപ്പെടാന്‍ പലരുടെയും സഹായം ലഭിക്കുന്നുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു യുവതിയും രംഗത്തെത്തി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും 23കാരി പരാതിയില്‍ പറയുന്നു. ജീവഭയം കാരണമാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും യുവതി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയ്ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

സാമൂഹികമാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് പറഞ്ഞ് സംസ്ഥാനത്തിന് പുറത്തിരുന്ന തന്നെ കേരളത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. നേരില്‍ പരിചയപ്പെടാനെന്ന പേരില്‍ ഹോം സ്‌റ്റേയില്‍ എത്തിച്ചതിന് പിന്നാലെ അവിടെവെച്ചാണ് പീഡനമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ രാഹുലിന്റെ അടുത്ത സുഹൃത്തായി പറയുന്ന ഫെനി നൈനാനും ഉള്‍പ്പെടുന്നു. ഇരുവരും ചേര്‍ന്നാണ് ഹോം സ്‌റ്റേയിലേക്ക് വിളിച്ചുവരുത്തിയതെന്നും ബലം പ്രയോഗിച്ചാണ് രാഹുല്‍ പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചു. പീഡനത്തിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി, ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായും മരുന്ന് നല്‍കിയ ശേഷം വീണ്ടും പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വിവാഹമില്ലെന്നും സൗഹൃദം മാത്രം തുടരാമെന്നും രാഹുല്‍ പറഞ്ഞതായി യുവതി ആരോപിച്ചു. മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടതായും പീഡനത്തിന്റെ ഭാഗമായി ശരീരത്തില്‍ നിരവധി മുറിവുകള്‍ സംഭവിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ ഒരാളെ പൊതുജനങ്ങളുമായി ഇടപെടാന്‍ അനുവദിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ അവരുമായി ബന്ധപ്പെടാമെന്നും പരാതിയില്‍ പറയുന്നു.