കേരളത്തിന്റെ നിപാപ്രതിരോധം കാലിഫോർണിയ യൂണിവേഴ‌്സിറ്റി വെബ‌്സൈറ്റിൽ 


JULY 19, 2019, 11:17 PM IST

തിരുവനന്തപുരം:നിപയെ വിജയകരമായി കേരളം പ്രതിരോധിച്ചതിനെക്കുറിച്ച‌് യൂണിവേഴ‌്സിറ്റി ഓഫ‌് കാലിഫോർണിയ,ഡേവിസ‌് (യു സി ഡേവിസ് )ഔദ്യോഗിക വെബ‌്സൈറ്റിൽ പരാമർശം. കാലിഫോർണിയ നാഷണൽ പ്രിമേറ്റ‌് റിസർച്ച‌് ചീഫ‌് വൈറോളജിസ‌്റ്റ‌് ഡോ. കോയേൻ വാൻ റോംപെ നടത്തിയ കേരള സന്ദർശനത്തെക്കുറിച്ചുള്ള വിവരണത്തിലാണ‌് നിപ പ്രതിരോധത്തിനു പ്രശംസ.

കണ്ണൂർ യൂണിവേഴ‌്സിറ്റി ക്ഷണപ്രകാരമാണ‌് ഡോ. റോംപെ കേരളത്തിലെത്തിയത‌്. സംസ്ഥാനം കൈക്കൊണ്ട സമയോചിത നടപടിക‌ളാണ‌് നിപയിൽ മരണസംഖ്യകൂടാതിരിക്കാൻ കാരണമെന്ന‌് കുറിപ്പിൽ പറയുന്നു. 

പൊതുജനങ്ങളിൽ അവബോധം സൃഷ‌്ടിക്കുന്നതിലും ചികിത്സാസംവിധാനങ്ങളിൽ ജാഗ്രതപുലർത്തുന്നതിലും  മികച്ച പ്രവർത്തനമാണ‌് കേരളത്തിന്റേത്‌.തിരുവനന്തപുരത്ത‌് ഒരുങ്ങുന്ന വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിനെക്കുറിച്ചും വിവരണത്തിൽ പറയുന്നുണ്ട് . പകർച്ച വ്യാധികളെ പഠിക്കുന്നതിലും പ്രതിരോധ വാക‌്സിൻ നിർമിക്കുന്നതിലും ഇൻസ‌്റ്റിറ്റ്യൂട്ട‌്  വൻ സാധ്യതകളാണ‌് മുന്നോട്ട‌് വയ‌്ക്കുന്നതെന്നും അഭിപ്രായപ്പെടുന്നു.

കേരളത്തിലെ മാധ്യമങ്ങളെ കുറിച്ചും ഡോ. റോംപെ പറയുന്നുണ്ട്. തന്റെ സന്ദർശനത്തിനും വാക്കുകൾക്കും വൻപ്രചാരം ലഭിച്ചു. പകർച്ച വ്യാധികളെക്കുറിച്ച‌് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള മികച്ച സാധ്യതയായാണ‌് സന്ദർശനത്തെ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത‌്. കേരളത്തിലെ ശാസ‌്ത്രജ്ഞരോടും  ഗവേഷകരോടും വിദ്യാർഥികളോടും നേരിട്ട‌് സംവദിക്കാൻ ലഭിച്ച അവസരം മികച്ച അനുഭവമാണെന്നും കുറിപ്പിൽ പറയുന്നു.

Other News