ആപ്പിന്  നിലവാരമില്ല:   ബെവ്‌കോയുടെ 'ബെവ് ക്യൂ'  വിന്‌    ഗൂഗിള്‍ അനുമതി നല്‍കിയില്ല


MAY 22, 2020, 3:01 PM IST

തിരുവനന്തപുരം: മദ്യ വില്‍പ്പനക്കായി ആപ്പ് തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത സ്റ്റാര്‍ട്ടപ്പ് കമ്പനി ഗൂഗിളിന് സമര്‍പ്പിച്ച ആപ്പിന് അനുമതി ലഭിച്ചില്ല.

ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കാനുള്ള അപേക്ഷ ഗൂഗിള്‍ തള്ളിക്കളഞ്ഞു. പ്രാഥമികമായ ഗുണനിലവാരം പോലും ആപ്പിന് ഇല്ലെന്നാണ് തള്ളിയതിന് കാരണമായി ഗൂഗിള്‍  നല്‍കുന്ന വിശദീകരണം. അതേസമയം ആപ്പ് നിര്‍മ്മിക്കാന്‍ സി.പി.എം അനുഭാവിയുടെ കമ്പനിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്.

സി.പി.എം അനുഭാവിയായ രജിത് രാമചന്ദ്രന്‍ ചീഫ് ടെക്‌നിക്കല്‍ ഓഫിസറും ഡയറക്ടറുമായ 'ഫെയര്‍ കോഡ്' എന്ന കമ്പനിയെയാണ് ആപ്പ് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.  എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം. കമ്പനിയെ തെരഞ്ഞെടുക്കുന്നതിനായി ഐ.ടി. സെക്രട്ടറി ശിവശങ്കരനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. 27 ഓളം കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തതില്‍ നിന്നും രജിത് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള 'ഫെയര്‍ കോഡ്'  എന്ന കമ്പനിയെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

എന്നാല്‍ ആപ്പ് ഗൂഗിള്‍ റിജക്ട് ചെയ്തിട്ടില്ലെന്നാണ് ഫെയര്‍കോഡ് ടെക്നോളജീസ് അധികൃതര്‍ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്. ആപ്പ് പ്ലേ സ്റ്റോറില്‍ അപ്പ്ലോഡ് ചെയ്തിട്ടില്ലെന്നും ഫെയര്‍കോഡ് ഡയറക്ടര്‍ നവീന്‍ പറഞ്ഞു.

മദ്യവിതരണത്തിനുള്ള ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറില്‍ എത്താന്‍ വൈകും. ആപ്പ് അപ്ഡേറ്റ് ചെയ്യുകയാണെന്നും ബെവ്കോ തീരുമാനിക്കുന്ന തീയതിയില്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാകുമെന്നും ഫെയര്‍ കോഡ് ടെക്നോളജീസ് വ്യക്തമാക്കി. മറ്റ് ഘടകങ്ങള്‍ കൂടി ശരിയായാല്‍ മാത്രമേ ആപ്പ് പുറത്തിറക്കാന്‍ സാധിക്കുകയുള്ളു. അത് തീരുമാനിക്കുന്നത് കേരളാ ഐടി മിഷനും, സ്റ്റാര്‍ട്ട് അപ്പ് മിഷനുമാണ്. അവര്‍ തന്ന ഫീഡ്ബാക്ക് അനുസരിച്ച് ആപ്പ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നവീന്‍ പറഞ്ഞു.

Other News