സുഖമില്ലാത്തതിനാല്‍ ഡിഎന്‍എ ടെസ്റ്റ് മറ്റൊരു ദിവസം നടത്താമെന്ന് ബിനോയ് കോടിയേരി


JULY 15, 2019, 3:08 PM IST

മുംബൈ: ബാര്‍ നര്‍ത്തകിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നല്‍കിയില്ല.

ബിനോയ് തിങ്കളാഴ്ച മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ രക്തസാമ്പിള്‍ നല്‍കണമെന്ന് കഴിഞ്ഞയാഴ്ച പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സുഖമില്ലെന്നും രക്ത സാമ്പിള്‍ ശേഖരിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും ബിനോയ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ലൈംഗിക പീഡന കേസില്‍ ബിനോയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ ജാമ്യം ലഭിച്ച ശേഷം കഴിഞ്ഞയാഴ്ച ആദ്യമായി സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് തിങ്കളാഴ്ച രക്തസാമ്പിള്‍ ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

അതനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രക്തസാമ്പിള്‍ നല്‍കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ഉദ്യോഗസ്ഥരെ അറിയിച്ചത്.

ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ്ക്കെതിരെ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

Other News