സ്ഥാനാര്‍ത്ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു; രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു

സ്ഥാനാര്‍ത്ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു; രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു


കൊച്ചി:  എറണാകുളം പാമ്പാക്കുടയിലും മലപ്പുറത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു. രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവെച്ചു.

പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  സി.എസ്. ബാബു (59) ആണ്  മരിച്ചത്. പുലര്‍ച്ചെ 3നായിരുന്നു സംഭവം. വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ഇവിടെ നടക്കും. 
കഴിഞ്ഞദിവസം മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണം കഴിഞ്ഞ് മടങ്ങിയെത്തിയ സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന (49)യാണ് മരിച്ചത്. ഇവിടെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഹസീന മത്സരിച്ചിരുന്നത്. പായിമ്പാടം അങ്കണവാടിയിലെ അദ്ധ്യാപികയാണ്. കഴിഞ്ഞ ദിവസം ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായുള്ള വോട്ട് ചോദിക്കുന്നതിനും വീടുകളിലെ കുടുംബയോഗങ്ങളിലും ഹസീന സജീവമായി പങ്കെടുത്തിരുന്നു. ശേഷം വീട്ടിലെത്തി രാത്രി 11.15ഓടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുറഹിമാനാണ് ഭര്‍ത്താവ്.