കുഫോസ് ആക്ടിംഗ് വി സിയായി റോസലിന്‍ഡ് ജോര്‍ജിനെ നിയമിച്ച് ചാന്‍സലര്‍


NOVEMBER 23, 2022, 5:36 PM IST

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വൈസ് ചാന്‍സലറായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ നിയമിച്ച് ഉത്തരവ്. ചാന്‍സലറായ ഗവര്‍ണറാണ് നിയമന ഉത്തരവ് ഇറക്കിയത്. കുഫോസ് വി സിയായിരുന്ന റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് റിജി ജോണിന്റെ ഭാര്യ റോസിലിന്‍ഡ് ജോര്‍ജിനെ നിയമിച്ചത്. റോസലിന്‍ഡ് ഫിഷറീസ് സര്‍വ്വകലാശാല അധ്യാപികയും ഡീനുമാണ്.

യു ജി സി മാര്‍ഗ നിര്‍ദേശങ്ങളും സര്‍വ്വകലാശാല നിയമങ്ങളും പാലിച്ചാണ് ഉത്തരവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. കുഫോസ് നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോണ്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയിട്ടില്ല. 

യു ജി സി ചട്ടപ്രകാരം അല്ലെന്ന ഹര്‍ജി അംഗീകരിച്ചാണ് റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. കുഫോസ് വി  സിയായി ഡോ. റിജി ജോണിനെ നിയമിച്ച 2021ലെ സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനമാണ് യു ജി സി ചട്ടപ്രകാരം അല്ലെന്ന് കോടതി കണ്ടെത്തിയത്. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ മതിയായ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ല. ഒമ്പത് പേരുടെ ചുരുക്ക പട്ടികയുണ്ടായിരുന്നിട്ടും ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ചത്. വി സിയായി തെരഞ്ഞെടുത്ത റിജി ജോണിന്റെ പി എച്ച് ഡി കാലയളവ് കൂടി അധ്യാപന പരിചയമായി കണ്ട് യോഗ്യത കണക്കാക്കി തുടങ്ങി മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ചിരുന്ന വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് റിജി ജോണ്‍.

Other News