ആശങ്ക വേണ്ട,ഏതു സാഹചര്യവും ഗൗരവമായെടുക്കും:മുഖ്യമന്ത്രി;അപകടസാധ്യതാ മേഖലയിൽ നിന്നു മാറിത്താമസിക്കണം


AUGUST 8, 2019, 11:25 PM IST

തിരുവനന്തപുരം:കനത്ത മഴയുടെ സാഹചര്യത്തിൽ ഏതൊരു ചെറിയ പ്രശ്‌നവും ഗൗരവമായി കാണുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച് സംസ്ഥാനത്തെ മഴയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ്. വയനാട് മേപ്പാടിയിൽ നിന്നുള്ള വാർത്തകൾ ഗൗരവകരമായി കാണുന്നു.രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴ അൽപം കുറഞ്ഞാൽ ഹെലികോപ്റ്ററുകൾക്ക് പ്രശ്‌നമേഖലകളിലേക്ക് പോകാനാകുമെന്നാണ് കരുതുന്നത്. 

മലപ്പുറം നിലമ്പൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയിലും കനത്ത മഴയുണ്ട്. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിൽ നമുക്ക് കൈകാര്യം ചെയ്യാവുന്ന സ്ഥിതിയാണ്. ഏതുതരം സാഹചര്യവും നേരിടാൻ സജ്ജമാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് തന്നെ എല്ലാം ഒരുക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്.

മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കാൻ സന്നദ്ധരാകണം.നിലവിൽ 13,000 ഓളം പേർ വിവിധ ക്യാമ്പുകളിലുണ്ട്. എല്ലാവിഭാഗങ്ങളും സജ്ജമാണ്. ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ദുരന്തനിവാരണ ആസ്ഥാനത്ത് കൺട്രോൾ റൂമിൽ നടന്ന യോഗത്തിൽ ഓരോ ജില്ലയിലെയും സ്ഥിതി ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി  വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, എയർഫോഴ്‌സ്, പോലീസ്, ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.