ശബരിമലയിലെ യുവതി പ്രവേശനം ആണികള്‍ക്ക് ആഘാതമായി; വനിതാമതില്‍ വോട്ടായില്ല: സിപിഎം റിപ്പോര്‍ട്ട്


JUNE 26, 2019, 1:48 PM IST

തിരുവനന്തപുരം:  ശബരിമലയിലെ യുവതീപ്രവേശം പാര്‍ട്ടി അണികള്‍ക്ക് ആഘാതമായെന്നും വനിതാ മതില്‍ വോട്ടായി മാറിയില്ലെന്നും സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയിലാണ് റിപ്പോര്‍ട്ട്  പ്രസിദ്ധീകരിച്ചിട്ടുള്ളത്. വനിതാ മതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികളില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പരിശോധിക്കണം.

ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരു ഭാഗത്തിന്റെ വിട്ടു പോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുക കൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ്  അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നതില്‍ വര്‍ഗ ബഹുജന സംഘടനകള്‍ സജീവമായിരുന്നു. വലിയ ബഹുജന അണിനിരത്തലുകള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നു. 56 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ച വനിതാമതിലിന് കേരളം സാക്ഷ്യം വഹിച്ചു. ഈ ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ടില്ല.

നമ്മുടെ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ വോട്ടില്‍ ഒരു ഭാഗം യുഡിഎഫിന് കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബിജെപി വിജയിച്ചു. ഇത് അതിയായ ഉല്‍കണ്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര സംഘടനാ പ്രവര്‍ത്തനം ആവശ്യമാണെന്നും സിപിഐഎം തെരഞ്ഞെടുപ്പ്  അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News