ദുബായ് ബസ് അപകടത്തില്‍ മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞു


JUNE 7, 2019, 11:53 AM IST

ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചത്തെ ബസ് അപകടത്തില്‍ ജീവാപായം സംഭവിച്ച ആറുമലയാളികളെയും തിരിച്ചറിഞ്ഞു.

തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, ജമാലുദ്ധീന്‍, വാസുദേവന്‍, തിലകന്‍, തലശേരി സ്വദേശികളായ ഉമ്മര്‍, മകന്‍ നബീല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അതേസമയം, അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ദുബായിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ക്ക് ട്രാഫിക് കോര്‍ട്ടിന്റെ അനുമതികൂടി വേണം. വെള്ളിയാഴ്ച പൊതു അവധി ആയതിനാല്‍ ഒരു ദിവസം കൂടി വൈകി ശനിയാഴ്ച മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രിയില്‍ നിന്നും പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. 

Other News