ഏറ്റവും ആദരിക്കേണ്ട പേര്‌ ഇ എം എസിന്റേത്: ടി പത്മനാഭൻ


NOVEMBER 8, 2019, 1:57 AM IST

 

തിരുവനന്തപുരം:വലിയ ഇരുമ്പുദണ്ഡ്‌ കൊണ്ട്‌ മൂര്‍ധാവില്‍ അടിച്ച അനുഭവമാണ്‌ പലരുടെയും കഥകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്നതെന്ന്‌ കഥാകൃത്ത്‌ ടി പത്മനാഭന്‍.ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ സാഹിത്യസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും കഥകള്‍ എന്നല്ല പറയുന്നത്‌.

2018ല്‍ മാതൃഭൂമി അക്ഷരോത്സവത്തില്‍ നടത്തിയ കഥാമത്സരത്തില്‍ ആദ്യ മൂന്ന്‌ സ്ഥാനം നേടിയ ഭാഗ്യവാന്മാരുടെയും പേര്‌ മുമ്പ് കേട്ടിട്ടില്ലായിരുന്നു. പിന്നീട്‌ ഇവര്‍ എഴുതുന്നതും കണ്ടില്ല. അത്ഭുതംതോന്നി. 2019ലും കഥാമത്സരം നടത്തി. എം മുകുന്ദന്‍, സി വി ബാലകൃഷ്‌ണന്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു ജൂറി. ഇതിന്‌ മുകളില്‍ എം ടി വാസുദേവന്‍നായരും. ആര്‍ക്കും സമ്മാനം കൊടുത്തില്ല.

നേരെ ചൊവ്വേ തെറ്റില്ലാതെ മലയാളം വാചകം എഴുതാന്‍ അറിയാത്തവരും രണ്ടുലക്ഷത്തിനും ഒരുലക്ഷത്തിനും കഥയെഴുതിയിട്ടുണ്ട്‌ എന്ന അത്യന്തം ഭീതിദമായ പ്രസ്‌താവന ജൂറിയില്‍നിന്നുണ്ടായി. തകഴി, കേശവദേവ്‌, ബഷീര്‍, കാരൂര്‍ തുടങ്ങിയവരുടെ നാട്ടില്‍ കഥയ്‌ക്ക്‌ ഈ ദുഃസ്ഥിതി എങ്ങനെ ഉണ്ടായെന്നും കാരണക്കാര്‍ ആരെന്നും സഹൃദയരായ വായനക്കാര്‍ തീരുമാനിക്കണം. നമ്മള്‍ ആത്മാര്‍ഥതയില്ലാതെ ആളുകളെ പുകഴ്‌ത്തുന്നതാണ്‌ ഒരു കാരണം.

മലയാളത്തിലെ ഏതാണ്ട്‌ എല്ലാ ആനുകാലികങ്ങളുടെയും സ്ഥിതി മോശമാണ്‌. എന്നാല്‍, ഗ്രന്ഥാലോകം അങ്ങനെയാകരുത്‌. വഴികാട്ടാനുള്ള ഉത്തരവാദിത്തമുണ്ട്‌. ഭാഗ്യാന്വേഷികള്‍ക്ക്‌ വിശ്രമിക്കാനുള്ള ഇടമാകരുത്‌ ഗ്രന്ഥാലോകം.

ഭാഗ്യാന്വേഷികള്‍ സംസ്‌കൃത, മലയാള സര്‍വകലാശാലകളില്‍ കാലം കഴിക്കട്ടെ. അവര്‍ അവിടെനിന്ന്‌ അയക്കുന്ന ചവറുകള്‍ ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിക്കരുത്‌.

നാം ഏറ്റവും ആദരിക്കേണ്ട പേര്‌ ഇ എം എസിന്റേതാണ്‌. അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളോട്‌ യോജിക്കാം, വിയോജിക്കാം. എന്നാല്‍ ഭാഷാശുദ്ധിയുടെ കാര്യത്തില്‍ കടുംപിടിത്തക്കാരനായിരുന്നു. ഒരു തെറ്റും അംഗീകരിക്കില്ലായിരുന്നെന്നും പത്മനാഭന്‍ പറഞ്ഞു.

Other News