ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം; കേരളത്തില്‍ ചൊവാഴ്ച വരെ അതിതീവ്ര മഴ തുടരും


AUGUST 9, 2020, 3:31 PM IST

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അതേസമയം, കേരളത്തില്‍ ചൊവാഴ്ച വരെ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ എന്നിങ്ങനെ ആറ് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ അതീതീവ്ര മഴ തുടരും.ചൊവാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന ഇടങ്ങളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഏറ്റവും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തേണ്ടതിനാലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റു ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ  മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ തന്നെയാണ് ആളുകളെ മാറ്റി താമസിപ്പിക്കേണ്ടത്. 

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. വെകീട്ട് 7 മുതല്‍ പകല്‍ 7 വരെ സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Other News